എൻആർഐ വിവാഹത്തിൽ ഒരാഴ്ചയ്ക്കകം റജിസ്ട്രേഷൻ; നിയമ ഭേദഗതിക്കു കേന്ദ്രം
എൻആർഐക്കാർ ഇന്ത്യയിലെത്തി വിവാഹം കഴിച്ചാല്‍ അത് ഒരാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്യണമെന്നും പാസ്പോർട്ടിൽ വിവാഹം നടന്ന വിവരം നൽകണമെന്നും കേന്ദ്രസർക്കാർ. എൻആര്‍ഐ ഭർത്താക്കൻമാർ ഭാര്യമാരെ ഉപേക്ഷിക്കുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു മന്ത്രിതല തീരുമാനം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ പാസ്പോർട്ട് അസാധുവാക്കാനാണ് ആലോചിക്കുന്നത്
ഇതിനുവേണ്ടി പാസ്പോര്‍ട്ട് നിയമത്തിൽ അടിയന്തര ഭേദഗതികൾ കൊണ്ടുവരാനാണു നീക്കമെന്നും കേന്ദ്രസർക്കാരിലെ ഉന്നതോദ്യോഗസ്ഥർ മാധ്യമങ്ങളോടു വ്യക്തമാക്കി. എന്‍ആർഐ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്നതു തടയാൻ നിയമം കൊണ്ടുവരാൻ കഴിഞ്ഞ വര്‍ഷമാണു കേന്ദ്രസർക്കാർ പ്രത്യേക പാനലിനെ നിയോഗിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, നിയമ മന്ത്രി രവിശങ്കർ പ്രസാദ്, വനിതാ– ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി എന്നിവർ പാനലിലുണ്ട്.
നിലവിൽ പഞ്ചാബ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഈ നിയമം നിലവിലുണ്ട്. കഴിഞ്ഞ ബുധനാഴ്ച പാനൽ പ്രത്യേക യോഗം ചേരുകയും നിയമ ഭേദഗതികൾക്കായുള്ള കരട് തയാറാക്കാൻ നിർദേശിക്കുകയും ചെയ്തു. അതിനുശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. ഭാര്യമാരെ ഉപേക്ഷിക്കുന്നവർക്കു സ്വത്തുക്കളില്ലെങ്കില്‍ കുടുംബ സ്വത്തിലെ അവരുടെ പങ്ക് പിടിച്ചെടുക്കണമെന്നു യോഗത്തിൽ സുഷമാ സ്വരാജും മേനകാ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാൽ ഇതു ന്യായീകരിക്കാവുന്നതല്ലെന്ന നിലപാടാണു നിയമമന്ത്രാലയം സ്വീകരിച്ചത്.
2015 വരെ ഇന്ത്യൻ വനിതകളിൽ നിന്ന് 3328 പരാതികൾ ഭര്‍ത്താക്കൻമാർക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് വി.കെ. സിങ് കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ പറഞ്ഞിരുന്നു. 3268 പേർക്കു നിയമനടപടികൾ നേരിടുന്നതിനുള്ള കൗണ്‍സിലിങ്ങും നൽകി.What's Your Reaction?