ഇന്ത്യ എയ്ക്ക് രണ്ടാം ജയം
രുക്കുമാറി ഇന്ത്യ എ ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ 'ഷോ' തുടങ്ങിയ യുവതാരം പൃഥ്വി ഷായുടെ മികവിൽ ന്യൂസീലൻഡ് ഇലവനെതിരായ
ലിങ്കൺ (ന്യൂസീലൻഡ്)∙ പരുക്കുമാറി ഇന്ത്യ എ ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ ‘ഷോ’ തുടങ്ങിയ യുവതാരം പൃഥ്വി ഷായുടെ മികവിൽ ന്യൂസീലൻഡ് ഇലവനെതിരായ തുടർച്ചയായ രണ്ടാം പരിശീലന ഏകദിനത്തിലും ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. റണ്ണൊഴുക്കു കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 12 റൺസിനാണ് ഇന്ത്യ എയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ 49.2 ഓവറിൽ 372 റണ്‍സിന് എല്ലാവരും പുറത്തായി. ന്യൂസീലൻഡ് ഇലവൻ മറുപടി ബാറ്റിങ്ങിൽ നിശ്ചിത 50 ഓവറും പൂർത്തിയാക്കിയെങ്കിലും നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് മാത്രം. ഇന്ത്യ എയുടെ വിജയം 12 റൺസിന്. ആദ്യ പരിശീലന ഏകദിനത്തിൽ ഇന്ത്യ എ 92 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ ആദ്യ അനൗദ്യോഗിക ഏകദിനം ജനുവരി 22ന് നടക്കും
രഞ്ജി മത്സരത്തിനിടെ ചുമലിനു പരുക്കേറ്റതിനെ തുടർന്ന് ന്യൂസീലൻഡ് പര്യടനം നഷ്ടമാകുമെന്ന് കരുതിയിരുന്ന പൃഥ്വി ഷാ ആദ്യ പരിശീലന ഏകദിനത്തിനു പിന്നാലെയാണ് ടീമിനൊപ്പം ചേർന്നത്. 100 പന്തിൽ 22 ഫോറും രണ്ടു സിക്സും സഹിതം 150 റൺസെടുത്ത് യുവതാരം ഇന്ത്യയുടെ വിജയശിൽപിയുമായി. ഉജ്വല പ്രകടനത്തോടെ ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനത്തിനുള്ള അവകാശവാദവും ഷാ ശക്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വിക്കറ്റ് കാത്ത മലയാളി താരം സഞ്ജു സാംസണിനു പകരം ഈ മത്സരത്തിൽ ഇന്ത്യ എ ഇഷാൻ കിഷനെയാണ് പരീക്ഷിച്ചത്. അതേസമയം, മറ്റൊരു മലയാളി താരം സന്ദീപ് വാരിയറാണ് ഇന്ത്യൻ ബോളിങ്ങിനെ നയിച്ചത്.
ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനത്തിനായി മിക്കവാറും പരസ്പരം മത്സരിക്കേണ്ട പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഇന്ത്യ എയ്ക്കായി ഇന്നിങ്സ് തുറന്നത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 89 റൺസ്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പവും (69), മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പവും (51) അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്താണ് ഷാ ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. അഗർവാൾ 36 പന്തിൽ 32 റൺസെടുത്തും ഗിൽ 22 പന്തിൽ 24 റൺസെടുത്തും യാദവ് 20 പന്തിൽ 26 റൺസെടുത്തും പുറത്തായി. ഇഷാൻ കിഷാൻ (18 പന്തിൽ 14), വിജയ് ശങ്കർ (41 പന്തിൽ 58), ക്രുനാൽ പാണ്ഡ്യ (33 പന്തിൽ 32), അക്സർ പട്ടേൽ (14 പന്തിൽ 15), മുഹമ്മദ് സിറാജ് (ഒന്ന്), ഇഷാൻ പോറെൽ (2) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. സന്ദീപ് വാരിയർ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇലവനും അതേ നാണയത്തിൽ തിരിച്ചതോടെ മത്സരം ആവേശകരമായി. സെഞ്ചുറി നേടിയ ഓപ്പണർ ജാക്ക് ബോയിൽ (130 പന്തിൽ 130), അർധസെഞ്ചുറി നേടിയ ഫിൻ അലൻ (65 പന്തിൽ 87) എന്നിവരാണ് കിവീസ് ഇന്നിങ്സിന്റെ നട്ടെല്ല്. ക്യാപ്റ്റൻ ഡാരിൽ മിച്ചൽ (31 പന്തിൽ 41), ഡെയ്ൻ ക്ലീവർ (33 പന്തിൽ പുറത്താകാതെ 44) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യ എയ്ക്കായി ഇഷാൻ പോറെൽ 10 ഓവറിൽ 59 റൺസ് വഴങ്ങിയും ക്രുനാൽ പാണ്ഡ്യ 10 ഓവറിൽ 57 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് വാരിയർ ഒൻപത് ഓവറിൽ 64 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.
What's Your Reaction?