Maharashtra Crisis| ഔദ്യോഗിക വസതി ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; നാലു എംഎൽഎമാർ കൂടി ഏക്നാഥ് ഷിൻഡെ ക്യാമ്പിലേക്ക്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Maharashtra CM Uddhav Thackeray ) ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘വർഷ’യിൽനിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യിലേക്കു മാറി
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Maharashtra CM Uddhav Thackeray ) ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘വർഷ’യിൽനിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വകാര്യ വസതിയായ ‘മാതോശ്രീ’യിലേക്കു മാറി. മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉൾപ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന്റെ ബാഗുകളും മറ്റു സാധനങ്ങളും ഔദ്യോഗിക വസതിയിൽനിന്നു പുറത്തേക്ക് എത്തിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പൂഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് ഫേസ്ബുക്ക് ലൈവിൽ അറിയിച്ചിരുന്നു.
അതേസമയം, ഉദ്ധത് താക്കറെക്ക് തിരിച്ചടി നൽകി നാലു ശിവസേനാ എംഎൽഎമാർ കൂടി ഏക്നാഥ് ഷിൻഡെയുടെ ക്യാമ്പിലേക്ക് എത്തിയതായാണ് റിപ്പോർട്ട്. ഇവർ ഗുവാഹത്തിയിൽ എത്തിയിട്ടുണ്ട്. എംഎൽഎമാർക്ക് പിന്നാലെ പാർട്ടി എംപിമാരും ഏക്നാഥ് ഷിൻഡെയുമായി ആശയ വിനിമയം നടത്തുന്നതായാണ് സൂചന. താനെ എംപി രാജൻ വിചാരെയും കല്യാൺ എംപിയും ഏക്നാഥ് ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഷിൻഡെയും വിമതപക്ഷത്തുണ്ട്. കൂടുതൽ എംപിമാർ ഷിൻഡെ പക്ഷത്തോട് ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഏക്നാഥ് ഷിൻഡെ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനയും വരുന്നുണ്ട്. ഉദ്ധവിന്‍റെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഷിൻഡെ എത്തിയേക്കുമെന്നാണ് വിവരം. ഗുവാഹട്ടിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന് 24 മണിക്കൂറും കേന്ദ്ര - സംസ്ഥാന സേനകളുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവത്ത് പറഞ്ഞു. ശിവസേനാ വിമത നേതാവ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏകനാഥ് ഷിൻഡെയുമായോ ശിവസേന എംഎൽഎമാരുമായോ സംസാരിച്ചിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി. വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണ്. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ബിജെപി പറഞ്ഞു.
മഹാവികാസ് അഘാഡി സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം.
തന്‍റെ മുന്നിൽ വന്ന് നിന്ന് താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും പറയട്ടെ, എങ്കിൽ താൻ രാജി വയ്ക്കാമെന്നാണ് ഉദ്ധവ് ഇന്നലെ നടത്തിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. ഒരു ശിവസൈനികൻ തനിക്ക് പിന്നാലെ മുഖ്യമന്ത്രിയാകുമെങ്കിൽ സന്തോഷത്തോടെ രാജി വയ്ക്കാൻ തയ്യാറെന്നും ഉദ്ധവ് പറഞ്ഞു. അവസാനത്തെ സമ്മർദ്ദതന്ത്രം പയറ്റുകയാണ് ഉദ്ധവെന്നാണ് വിലയിരുത്തൽ.
What's Your Reaction?