ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിൽ: കെമാല്‍പാഷ

May 25, 2018 - 19:59
 0
ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിൽ: കെമാല്‍പാഷ

കൊച്ചി∙ ഹൈക്കോടതി നടപടികളിലെ അതൃപ്തി കൂടുതല്‍ പരസ്യമാക്കി ജസ്റ്റിസ് ബി.കെമാല്‍പാഷ. സമീപകാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നതു കീഴ്‍വഴക്കങ്ങളുടെ ലംഘനമെന്നും കെമാല്‍പാഷ പറഞ്ഞു. ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാകില്ലെന്നും കെമാല്‍പാഷ വ്യക്തമാക്കി. Download Flipkart App ജഡ്ജി നിയമനത്തിനു പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയാണ്. നിയമനത്തിൽ സുതാര്യതയില്ല. മാനദണ്ഡങ്ങള്‍ വ്യക്തമല്ല. ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേര്‍ തുറന്നുപറയുമെന്നറിയില്ലെന്നും കെമാല്‍പാഷ പറഞ്ഞു.

വിരമിച്ചശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞതു ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പായിതന്നെയാണ്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല. ആരൊക്കെ പാലിക്കുമെന്നും ഉറപ്പില്ല. തനിക്കു വാഗ്ദാനങ്ങളില്ലെന്നും ശമ്പളമുള്ള ജോലി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ അഞ്ചുവര്‍ഷത്തെ സേവനത്തിനൊടുവിലാണു കെമാല്‍പാഷ വിരമിക്കുന്നത്. രാഷ്ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കിയ ഒട്ടേറെ വിധിന്യായങ്ങളിലൂടെ ജനകീയ ന്യായാധിപന്‍ എന്ന പേരെടുത്താണു പടിയിറക്കം.

ഹൈക്കോടതിയിലെ സേവനത്തിന്റെ അവസാനകാലത്തുണ്ടായ ചില സംഭവവികാസങ്ങളില്‍ അതൃപ്തി പരസ്യമാക്കിയാണു ജസ്റ്റിസ് ബി.കെമാല്‍പാഷ വിടവാങ്ങൽ പ്രസംഗം നടത്തിയത്. ജഡ്ജിമാരുടെ ‍നിയമനം കുടുംബകാര്യം പോലെയുള്ള വീതംവയ്പാകരുത്. വിരമിച്ചാലുടന്‍ ജഡ്ജിമാര്‍ സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കുന്ന കീഴ്‍വഴക്കം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കും ന്യായത്തിനുമായി നിലകൊള്ളാനുള്ള ആത്മധൈര്യം നല്‍കിയതു മാതാപിതാക്കളാണ്. സ്വര്‍ഗത്തിലിരുന്ന് അവര്‍ തന്റെ നടപടികള്‍ കാണുന്നുണ്ട്. അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ ഹൈക്കോടതി കാലങ്ങളായി ആര്‍ജിച്ച മഹത്വം ഇല്ലാതാക്കുന്നതാണ്. ജഡ്ജിമാര്‍ വരും പോകും, നഷ്ടം ഉണ്ടാകുന്നത് കോടതിക്കാണ്. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യം പോലെ വീതംവയ്പാകരുത്. ഏതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചുനൽകേണ്ടതല്ല അത്. ഇപ്പോള്‍ പരിഗണനയിലുള്ളവര്‍ അതിന് അര്‍ഹരല്ലെന്നാണു തനിക്കു ലഭിച്ചിട്ടുള്ള വിവരം.

ഹൈക്കോടതിയില്‍ എത്തുന്ന കേസുകളില്‍ ഏറിയപങ്കും സര്‍ക്കാര്‍ എതിര്‍പക്ഷത്തുള്ളവയാണ്. പുതിയ പദവികള്‍ ആഗ്രഹിക്കുന്ന ജഡ്ജിമാര്‍ അവസാനകാലത്തു സര്‍ക്കാരിന് അപ്രീതി ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന ആക്ഷേപം മുമ്പേയുണ്ട്. അതൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്– കെമാൽപാഷ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow