Rakesh Jhunjhunwala| പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു
പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62) (Rakesh Jhunjhunwala)അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി
പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62) (Rakesh Jhunjhunwala)അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല. ഇന്ത്യൻ വാരൺ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
രാവിലെ 6.45 ഓടെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. കിഡ്നി സംബന്ധമായ രോഗങ്ങളും നിരവധി ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ആഴ്ച്ചകൾക്കു മുമ്പാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരനും, ട്രേഡറും, ഇൻവെസ്റ്ററുമാണു രാകേഷ് ജുൻജുൻവാല. സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, സ്വന്തം അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്‌ഫോളിയോവും ഇദ്ദേഹത്തിനുണ്ട‌്.
മുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണു രാകേഷ് ജുൻജുൻവാലയുടെ ജനനം. ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു പിതാവ്. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.
കുറഞ്ഞ നിരക്കിലുള്ള എയർലൈനായ ആകാശ എയറിന്റെ ലോഞ്ചിംഗിലായിരുന്നു ജുൻജുൻവാല അവസാനമായി പൊതുവേദിയിൽ എത്തിയത്. ആകാശ എയർലൈൻ പ്രവർത്തനമാരംഭിച്ച് ഉടനാണ് നെടുംതൂണായ ജുൻജുൻവാലയുടെ വിയോഗം.
അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വീൽചെയറിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയിട്ടുള്ള ഇന്ത്യൻ ഇക്വിറ്റി ഇൻവെസ്റ്റർമാരിൽ ഒരാളാണ് ജുൻജുൻവാല. 'ബിഗ് ബുൾ' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2020 ലെ ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 54 -മതാണ് അദ്ദേഹത്തിന്റെ സ്ഥാനം. മാന്ത്രിക സ്പർശമുള്ള നിക്ഷേപകൻ എന്നാണ് ഫോബ്സ് ജുൻജുൻവാലയെ വിശേഷിപ്പിച്ചത്.
What's Your Reaction?