എം.ശിവശങ്കറെ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ശിവശങ്കറെ സർവീസിൽ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അന്വേഷണ ഏജന്‍സികള്‍ അനുമതി നല്‍കിയിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ. എം.ശിവശങ്കറിനെ ജനുവരിയിൽ സർവീസിൽ തിരിച്ചെടുത്തുകൊണ്ടു അന്നത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അദ്ദേഹം

Jul 19, 2022 - 05:26
 0

ലോക്സഭയിൽ അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണു ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, മാസങ്ങൾക്കു മുൻപേ ശിവശങ്കറെ സർവീസിൽ തിരിക പ്രവേശിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി വിവാദത്തിലായി. സ്വർണക്കടത്ത് കേസ് കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) എൻഐഎയും അന്വേഷിക്കുകയാണ്. ആരോപണ വിധേയനായ ശിവശങ്കറെ തിരിച്ചെടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളാരും സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടില്ല.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസ് എൻഐഎ വീണ്ടും അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മറുപടി നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സർക്കാരിനു നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ച സാഹചര്യത്തിലായിരുന്നു ശിവശങ്കറെ സർവീസിൽ തിരിച്ചെടുത്തത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയാണ് ശിവശങ്കർ. അദ്ദേഹത്തെ ഇനിയും സസ്‌പെൻഷനിൽ നിർത്തേണ്ടതില്ലെന്ന ശുപാർശയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ പുനരവലോകന സമിതി അന്നു നൽകിയത്. സസ്‌പെൻഷൻ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങൾ കസ്റ്റംസിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇഡിയോടു വിവരങ്ങൾ ചോദിച്ചിരുന്നോയെന്നു വ്യക്തമല്ല. വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടർന്നു 2020 ജൂലൈ 17ന് ആണ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്‌പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസുണ്ട്.

English Summary: Central Government says investigating agencies have not given any sanction to the State Government to reinstate M Sivasankar IAS

What's Your Reaction?

like

dislike

love

funny

angry

sad

wow