തിരുവനന്തപുരം ട്വന്റി20 ദക്ഷിണാഫ്രിക്ക എത്തി; ഇന്ത്യൻ ടീം ഇന്നെത്തും- Indian cricket team| South africa cricket team
കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് തിരികൊളുത്തി ഇന്ത്യൻ ടീം ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ വൈകിട്ട് 4.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ടീമിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ആരാധകർ. ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ പുലർച്ചെ എത്തി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ 28നാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മത്സരം.
നീണ്ട പരിശ്രമത്തിനൊടുവിൽ അവർ അത് സാധിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ
തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ വരവേറ്റു. തുടർന്നു ടീമംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്കു പോയി. ഇന്ത്യൻ ടീമും ഇവിടെയാണ് താമസിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകിട്ട് പരിശീലനത്തിന് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഇന്ന് വൈകിട്ട് 5 മുതൽ 8 വരെയും നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെയും ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. നാളെ വൈകിട്ട് അഞ്ചു മുതൽ 8 വരെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലനം.
മത്സരത്തിന്റെ അയ്യായിരത്തോളം ടിക്കറ്റുകളാണ് ഇനി ശേഷിക്കുന്നത്. ഇതിൽ 1400 എണ്ണം അപ്പർ ടയർ ടിക്കറ്റാണ്. 1500 രൂപ വിലയുള്ള ഈ ടിക്കറ്റ് വിദ്യാർഥികൾക്ക് 750 രൂപയ്ക്ക് ലഭിക്കും.
English Summary: India-South Africa t20
What's Your Reaction?