സൂര്യകുമാർ ഷോ, കോഹ്ലിയുടെ ക്ലാസ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല ജയം
ആവേശം അവസാന ഓവറിലേക്ക് നീണ്ട മൂന്നാം ടി20യിൽ ഓസ്ട്രേലിയയെ വീഴ്ത്തിയ ഇന്ത്യക്ക് മൂന്ന് മത്സര ടി20 പരമ്പര സ്വന്തം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന് ഓസീസിനെ തകർത്താണ് ഇന്ത്യയുടെ പരമ്പര വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 186/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഇന്ത്യ അവസാന ഓവറിലെ അഞ്ചാം പന്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവും (Suryakumar Yadav), 48 പന്തിൽ 63 റൺസെടുത്ത വിരാട് കോഹ്ലിയുമാണ് (Virat kohli) ഇന്ത്യയുടെ വിജയശില്പികൾ.
നീണ്ട പരിശ്രമത്തിനൊടുവിൽ അവർ അത് സാധിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡിൽ ബസുമായി മലയാളികൾ
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ (Indian Cricket Team) ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കാമറോൺ ഗ്രീനിന്റെ അഴിഞ്ഞാട്ടമായിരുന്നു പവർപ്ലേയിൽ കണ്ടത്. ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച താരം എക്സ്പ്രസ് വേഗത്തിൽ സ്കോർ ഉയർത്തി. 21 പന്തിൽ 7 ബൗണ്ടറികളുടേയും, 3 സിക്സറുകളുടേയും സഹായത്തോടെ 52 റൺസെടുത്ത ഗ്രീൻ പുറത്താകുമ്പോൾ ഓസീസ് 5 ഓവറുകളിൽ 62 റൺസിലെത്തിയിരുന്നു.
ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ, മാത്യു വേഡ് എന്നിവർ ഒറ്റയക്കത്തിൽ പുറത്തായി നിരാശപ്പെടുത്തിയതോടെ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 117/6 എന്ന നിലയിലേക്ക് വീണെങ്കിലും, ടിം ഡേവിഡിന്റെ (Tim David) വെടിക്കെട്ട് അവരെ 186/7 എന്ന മികച്ച സ്കോറിലേക്ക് നയിച്ചു. വെറും 27 പന്തുകളിൽ നിന്ന് 2 ബൗണ്ടറികളുടേയും, 4 സിക്സറുകളുടേയും സഹായത്തോടെ 54 റൺസായിരുന്നു ടിം ഡേവിഡ് നേടിയത്. ഇന്ത്യക്ക് വേണ്ടി 33 റൺസ് വിട്ടു കൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തിയ അക്സർ പട്ടേൽ (Axar Patel) ബോളിംഗിൽ തിളങ്ങി.
187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെ എൽ രാഹുലിന്റേയും, രോഹിത് ശർമ്മയുടേയും വിക്കറ്റുകൾ അതിവേഗം നഷ്ടമായി. ഇരുവരും പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 30 മാത്രം. എന്നാൽ മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും, വിരാട് കോഹ്ലിയും ഒത്തുചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് തിരിച്ചുവന്നു. മാരക ഫോമിലായിരുന്നു സൂര്യകുമാർ യാദവ്. ഓസീസ് ബോളിംഗിനെ ശക്തമായി പ്രഹരിച്ച താരം അതിവേഗം ഇന്ത്യൻ സ്കോർ ഉയർത്തി.
36 പന്തുകളിൽ 5 വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 69 റൺസ് നേടിയ സൂര്യകുമാർ പുറത്താകുമ്പോളേക്ക് ഇന്ത്യ മത്സരത്തിൽ ജയിക്കാവുന്ന നിലയിലായിക്കഴിഞ്ഞിരുന്നു. എന്നാൽ സൂര്യകുമാറിന്റെ വിക്കറ്റിന് ശേഷം കാര്യമായി ബൗണ്ടറികൾ വരാതിരുന്നതോടെ കളിയിൽ വീണ്ടും പിരിമുറുക്കം വന്നു. അവസാന രണ്ട് ഓവറുകളിൽ 21 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹേസൽ വുഡ് എറിഞ്ഞ പത്തൊൻപതാം ഓവറിൽ ഒരു സിക്സറടക്കം 10 റൺസ് ഇന്ത്യ സ്കോർ ചെയ്തു. ഇതോടെ അവസാന ഓവറിൽ ലക്ഷ്യം 11 റൺസായി.
ഡാനിയൽ സാംസ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറിന് പറത്തി കോഹ്ലി ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ കോഹ്ലി വീണതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ്. എന്നാൽ പതറാതെ കളിച്ച ഹാർദിക് ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്ലി 48 പന്തിൽ 3 ബൗണ്ടറികളുടേയും, 4 സിക്സറുകളുടേയും സഹായത്തോടെ 63 റൺസ് നേടിയപ്പോൾ, ഹാർദിക് 16 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.
What's Your Reaction?