ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്; സ്വകാര്യ ക്രിപ്റ്റോകറൻസികളിൽ നിന്നുള്ള വ്യത്യാസമെന്ത്?

സ്വകാര്യ ക്രിപ്റ്റോകറൻസികളെ (Private Cryptocurrency) നിയന്ത്രിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Nov 26, 2021 - 20:08
 0
ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്; സ്വകാര്യ ക്രിപ്റ്റോകറൻസികളിൽ നിന്നുള്ള വ്യത്യാസമെന്ത്?

സ്വകാര്യ ക്രിപ്റ്റോകറൻസികളെ (Private Cryptocurrency) നിയന്ത്രിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ ബുള്ളറ്റിനിലൂടെ നടത്തിയ പ്രഖ്യാപനം ക്രിപ്റ്റോകറൻസി ( Cryptocurrency)വിപണിയിൽ പ്രതിഫലിക്കുകയും ബിറ്റ്‌കോയിൻ (Bitcoin), സോളാന, ഡോഗ്‌കോയിൻ എന്നിവയുടെ വില ഇടിയുകയും ചെയ്തു. ഇന്ത്യയിൽ സ്വകാര്യ ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യം വെയ്ക്കുന്ന 'ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021',(The Cryptocurrency and Regulation of the Official Digital Currency Bill) റിസർവ് ബാങ്കിന് (Reserve Bank of India) ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള ചട്ടക്കൂട് സൃഷ്ടിക്കാനും നിർദ്ദേശിക്കുന്നു.

"ഇന്ത്യയിൽ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കാൻ ബിൽ ലക്ഷ്യമിടുന്നു. എന്നാൽ, ക്രിപ്റ്റോകറൻസിയ്ക്ക് ആധാരമായ സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ചില ഇളവുകളും നൽകും", ലോക്‌സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ബുള്ളറ്റിനിൽ പരാമർശിക്കുന്നു. ഇന്ത്യയിൽ സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാനും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ (Blockchain Technology) പ്രോത്സാഹിപ്പിക്കാൻ ചില ഇളവുകൾ നൽകാനും ഉദ്ദേശിക്കുന്ന ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് അവതരിപ്പിക്കപ്പെടുക

ഇന്ത്യൻ റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസിയ്ക്ക് വേണ്ടിയുള്ള സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതും ബില്ലിന്റെ ലക്ഷ്യമാണെന്ന് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കവെ ബുള്ളറ്റിനിൽ പരാമർശിക്കുന്നു. 2021 ലെ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ലിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ ലോക്സഭാ ബുള്ളറ്റിൻ നൽകിയിട്ടില്ല.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഡിജിറ്റൽ രൂപത്തിൽ ഒരു സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ലീഗൽ ടെൻഡർ ആണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സിബിഡിസി. സാധാരണ കറൻസിയുടേതിന് സമാനമാണ് ഡിജിറ്റൽ കറൻസിയും. അതിനാൽ, അവ തമ്മിൽ കൈമാറ്റം ചെയ്യാനും കഴിയും.

റിസർവ് ബാങ്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ സിബിഡിസിയും ക്രിപ്റ്റോകറൻസിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. "സിബിഡിസി ഒരു ഡിജിറ്റൽ അഥവാ വെർച്വൽ കറൻസിയാണ്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കൂണുപോലെ മുളച്ചുപൊന്തിയ സ്വകാര്യ വെർച്വൽ കറൻസികളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. പണത്തെക്കുറിച്ചുള്ള ചരിത്രപരമായ സങ്കൽപ്പനത്തിന്റെ വിരുദ്ധ ദിശയിലാണ് സ്വകാര്യ വെർച്വൽ കറൻസികളുടെ സ്ഥാനം. അവയ്ക്ക് ഇൻട്രിൻസിക് മൂല്യം ഇല്ലാത്തതിനാൽ അവ ചരക്കുകളോ ചരക്കുകളിന്മേലുള്ള ക്ലെയിമുകളോ അല്ല. അവ സ്വർണത്തിന് സമാനമാണെന്ന് പലരും അവകാശപ്പെടുന്നത് അവസരവാദപരമാണ്. ഒരു വ്യക്തിയുടെ ബാധ്യതകളെയോ കടത്തെയോ പ്രതിനിധീകരിക്കാൻ സ്വകാര്യ വെർച്വൽ കറൻസികൾക്ക് കഴിയില്ല", റിസർവ് ബാങ്ക് പറയുന്നു.

ഡിജിറ്റൽ ടോക്കണുകളെക്കുറിച്ചും ഒരു കറൻസിയായി അത് അംഗീകരിച്ചിട്ടില്ലെങ്കിലും ആളുകൾ അവയോട് കാണിക്കുന്ന ഭ്രമത്തെക്കുറിച്ചും സെൻട്രൽ ബാങ്കിനുള്ള ആശങ്ക ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസികളുടെ ഉറവിടം അറിയാനും അവ നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും നിയമ നിർവഹണ ഏജൻസികളെ പ്രാപ്തമാക്കുന്ന ശക്തമായ സംവിധാനം കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow