കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ചാവേര്‍ ആക്രമണ സാധ്യത ബലപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മൂബിന്റെ ശരീരത്തില്‍ ചില രാസ ലായനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് സൂചന. കത്താന്‍ സഹായിക്കുന്ന രാസവസ്തുക്കളാണിതെന്ന സംശയത്തിലാണ് പോലീസ്. ജമേഷ മുബീന്റെ ശരീര ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണ്.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കാറില്‍ സ്‌ഫോടനം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന ജമേഷ മുബീന്‍ എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട മുബീനെ തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് എന്‍ഐ ചോദ്യം ചെയ്തിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് തീവ്രവാദ ആക്രമണമാണോയെന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ 5 പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇവര്‍ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
കൊല്ലപ്പെട്ട ജമേഷയുടെ വീട്ടില്‍ നിന്നും നിര്‍ണായകമായ പല രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. 75 കിലോ സ്‌ഫോടക വസ്തുക്കളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ചില ക്ഷേത്രങ്ങള്‍, കളക്ടറേറ്റ് തുടങ്ങി ചില പ്രധാന ഇടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിരുന്നു. ഇതിനിടെ മരിച്ച മുബീന്റെ വാട്‌സാപ്പ് സ്റ്റാറ്റസും പോലീസ് കണ്ടെടുത്തു. മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം എന്നിങ്ങനെയുള്ള വരികളാണ് സ്‌ഫോടനത്തിന് തലേദിവസം ജമേഷ മുബീന്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയത്. വാട്‌സാപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.