കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് ദേശീയ നേതാവ് അറസ്റ്റില്‍
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) അഖിലേന്ത്യ ഓർഗനൈസർ മലപ്പുറം ആതവനാട് പുന്നത്തല മാനകനകത്തിൽ ഇബ്രാഹിം (48) ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് സെപ്റ്റംബർ 23ന് നടത്തിയ ഹർത്താൽ കേസിൽ കഴിഞ്ഞയാഴ്‌ച ഇയാളെ തിരൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തതോടെയാണ് മുദ്രാവാക്യക്കേസ് ബന്ധമറിയുന്നത്. ആലപ്പുഴ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി.
മെയ് 21ന് നടന്ന റാലിയിലാണ് പത്തുവയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടിയുടെ അച്ഛൻ, തോളത്തേറ്റിയയാൾ, പരിശീലിപ്പിച്ചവർ, പോപ്പുലർ ഫ്രണ്ട് നേതാക്കൾ എന്നിവരടക്കം 35 പ്രതികളുള്ള കേസിൽ 33 പേർ പിടിയിലായിരുന്നു. 35ാം പ്രതിയാണ് ഇബ്രാഹിം. പ്രകടനത്തിനും മറ്റും ആൾക്കാരെ സംഘടിപ്പിക്കുന്ന ചുമതലയായിരുന്നു ഇയാൾക്ക്. റാലിയിൽ മലപ്പുറത്തുനിന്ന് ആൾക്കാരെ എത്തിച്ചത് ഇബ്രാഹിമാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടാംപ്രതി പിഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്. പിഎഫ്ഐ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം (30) ഒന്നാംപ്രതിയും ഈരാറ്റുപേട്ട നടയ്‍ക്കൽ പാറനാനി അൻസാർ നജീബ് (30) മൂന്നാം പ്രതിയുമാണ്.
What's Your Reaction?