മെസ്സിയെ അടുത്തിരുത്തി, സൗഹൃദം തുറന്നു പറഞ്ഞ് ക്രിസ്റ്റ്യാനോ
ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുവശത്ത്, സ്പാനിഷ് വമ്പൻമാരായ ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സി മറുവശത്തും.
ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുവശത്ത്, സ്പാനിഷ് വമ്പൻമാരായ ബാർസിലോനയുടെ അർജന്റീന താരം ലയണൽ മെസ്സി മറുവശത്തും. ലോക ഫുട്ബോളിന്റെ നെറുകയിൽ ഈ താരരാജാക്കൻമാർ ഇരിപ്പുറപ്പിച്ചിട്ട് വർഷങ്ങളായി.
കളത്തിനു പുറത്ത് തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് മെസ്സിയും റൊണാൾഡോയും. യുവേഫയുടെ ഫുട്ബോൾ പുരസ്കാരദാന ചടങ്ങിലാണ് ഇരുവർക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് റൊണാൾഡോ വാചാലനായത്. മെസ്സിയെ അരികിലിരുത്തിക്കൊണ്ടായിരുന്നു ഇത്. റൊണാൾഡോയുടെ വാക്കുകൾ കേട്ട് ചെറുചിരിയോടെ മെസ്സിയും ഇരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ: ഞങ്ങൾ ഈ വേദി പങ്കിടാൻ തുടങ്ങിയിട്ട് 15 വർഷമായി. ഒരേയാളുകൾ നീണ്ട 15 വർഷം ഒരേ വേദിയിൽ ഇങ്ങനെ തുടരുക – ഇതിനു മുൻപ് ഇങ്ങനെയൊരു സംഭവം ഫുട്ബോളിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഇത് അത്ര നിസാരമായ കാര്യമല്ല. തീർച്ചയായും ഞങ്ങൾക്കിടയിൽ മികച്ച ബന്ധമാണുള്ളത്. ഞങ്ങൾ ഒരുമിച്ച് ഇതുവരെ ഡിന്നർ കഴിച്ചിട്ടില്ല. ഭാവിയിൽ സംഭവിച്ചേക്കാം.
‘സ്പെയിനിലെ ഫുട്ബോളും സ്പാനിഷ് ലീഗുമെല്ലാം എനിക്കു തീർച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞങ്ങൾക്കിടയിലെ പോരാട്ടത്തിന് 15 വർഷത്തെ പഴക്കമുണ്ട്. ഇദ്ദേഹം (മെസ്സി) എന്നെയും ഞാൻ മെസ്സിയേയും പരസ്പരം പ്രചോദിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫുട്ബോൾ ചരിത്രത്തന്റെ ഭാഗമായിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. അതിൽ ഞാനുണ്ട്. തീർച്ചയായും മെസ്സിയുമുണ്ട്.
What's Your Reaction?