‘പഞ്ചാബ് അബദ്ധം’ രാജസ്ഥാനിൽ വേണ്ട; കരുതലോടെ കോൺഗ്രസ്
പഞ്ചാബിൽനിന്ന് പാഠം ഉൾക്കൊണ്ട് രാജസ്ഥാനിൽ കരുതലോടെ നീങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവ േനതാവ് സച്ചിൻ പൈലറ്റും.Congress. Rajasthan. Ashok Gehlot. Sachin Pilot. Sonia Gandhi.India News. National News. Malayalam News
പഞ്ചാബിൽനിന്ന് പാഠം ഉൾക്കൊണ്ട് രാജസ്ഥാനിൽ കരുതലോടെ നീങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവ േനതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ദേശീയ നേതൃത്വം ശ്രമമാരംഭിച്ചു. അടുത്ത വർഷാവസാനം രാജസ്ഥാനിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആരുടെ നേതൃത്വത്തിൽ നേരിടണമെന്ന കാര്യത്തിലുള്ള തീരുമാനം വൈകരുതെന്നാണു ഹൈക്കമാൻഡ് നിലപാട്.
ജൂലൈയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ജൂൺ 10നു രാജ്യസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇതുസംബന്ധിച്ച് ഇരുവരുമായും സോണിയ ചർച്ച നടത്തും.
പഞ്ചാബിൽ തിരഞ്ഞെടുപ്പിന് ഏതാനും മാസം മുൻപ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരിന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ പ്രതിഷ്ഠിച്ചതു തിരിച്ചടിച്ചിരുന്നു. അമരിന്ദറിനെ നേരത്തേ മാറ്റേണ്ടിയിരുന്നുവെന്നും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നീക്കിയതാണു തിരിച്ചടിയായതെന്നും സോണിയ സമ്മതിച്ചു. പഞ്ചാബിലെ അബദ്ധം രാജസ്ഥാനിൽ ആവർത്തിക്കുന്നത് ഒഴിവാക്കാനാണ് നേതാവാരെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപ് തന്നെ വ്യക്തത വരുത്താനുള്ള തീരുമാനം.
ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണു സച്ചിന്റെ ആവശ്യം. എന്നാൽ, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുള്ള ഗെലോട്ട് ഒഴിയാൻ തയാറല്ല. അമരിന്ദറിനെ നീക്കിയതു പോലെ ഗെലോട്ടിനെ ബലമായി താഴെയിറക്കാൻ ഹൈക്കമാൻഡിനാവില്ല.
അനുരഞ്ജനം സാധ്യമായില്ലെങ്കിൽ കൂട്ടായ നേതൃത്വമെന്ന നിലയിൽ രണ്ടു പേരെയും മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന വഴി സോണിയ തിരഞ്ഞെടുക്കാനാണു സാധ്യത.
English Summary: Congress leadership to hold discussion with Ashok Gehlot and Sachin Pilot
What's Your Reaction?