കുസാറ്റിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഹോസ്റ്റൽ മുറിക്ക് തീയിട്ടു;ഒമ്പത് പേർ ആശുപത്രിയിൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി ഒമ്പത് പേർ ആശുപത്രിയിൽ. പരിക്കേറ്റവർ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
കോളേജിലെ എസ്എഫ്ഐ പ്രവർത്തകരും സഹാറ ഹോസ്റ്റലിലെ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. ആദ്യത്തെ ഏറ്റുമുട്ടലിൽ രണ്ട് പേരെയും വൈകിട്ടുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിയും പിടിയിലായിട്ടുണ്ട്.
ചൊവ്വാഴ്ച്ച കുസാറ്റ് അമിനിറ്റി സെന്ററിനു സമീപം സ്റ്റുഡന്റ്സ് കമ്യൂണിറ്റിയിലെ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതിന്റെ തുടർച്ചയായാണ് അടുത്ത ദിവസം സംഘർഷമുണ്ടായതെന്നും അതല്ല, ഒരു അധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘട്ടനമെന്നും പറയുന്നു.
അധ്യാപകൻ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാർത്ഥികൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് സമരം നടത്തിയിരുന്നു. സമരക്കാർ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെത്തി വിദ്യാർത്ഥികളോട് സമരത്തിനിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവിടെയുള്ള സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർത്തകർ ഇതിനെ എതിർത്തു. ഇതോടെയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ നാലാം സെമസ്റ്റർ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ നയീമിന് പരിക്കേറ്റു. ഇതിനു ശേഷം വൈകിട്ട് നാല് മണിയോടെ എസ്എഫ്ഐ പ്രവർത്തകർ സഹാറ ഹോസ്റ്റലിൽ പ്രതിഷേധവുമായി എത്തി. ഇവിടെ വെച്ച് സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി.
സംഘർഷത്തിൽ കുസാറ്റ് യൂണിയൻ ചെയർമാൻ ഹാരിസ്(20), ജനറൽ സെക്രട്ടറി ജിതിൻ (21), ഋതിക് രാജ് (20), അർജുൻ (21), അലക്സ്( 20), എന്നീ എസ്എഫ്ഐ പ്രവർത്തകർക്കും ആനന്ദ് സന്തോഷ് (20), സനിത് (21), ഹാനീ ഹത്ത (20) എന്നീ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്രവർത്തകർക്കും പരിക്കേറ്റു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ റൂമിനാണ് തീയിട്ടത്. മലബാറീസ് എന്ന കൂട്ടായ്മയാണ് റൂമ് തീയിട്ടതെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് തീയിട്ടതെന്ന് ആരോപണം നിഷേധിച്ചുകൊണ്ട് സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകർ തിരിച്ച് ആരോപിച്ചു.
What's Your Reaction?