പതിനൊന്ന് രംഗങ്ങള്‍ കട്ട് ചെയ്താല്‍ റിലീസ് അനുവദിക്കാം; കങ്കണയോട് സെന്‍സര്‍ ബോര്‍ഡ്
സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താല്‍ കങ്കണ റണാവത്തിന്റെ ‘എമര്‍ജന്‍സി’ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. ബോംബെ ഹൈകോടതിയിലാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.
സിനിമയില്‍ വരുത്തേണ്ട 11 മാറ്റങ്ങളെ സംബന്ധിക്കുന്ന രേഖയും സെന്‍സെര്‍ ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. എമര്‍ജന്‍സിക്കുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനധികൃതമായി ബോര്‍ഡ് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീ എന്റര്‍ടെയിന്‍മെന്റ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ആറിനായിരുന്നു എമര്‍ജന്‍സി റിലീസ് ചെയ്യാനിരുന്നത്.
എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നതിനാല്‍ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. ബിജെപി എംപി കൂടിയായ കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധായകയും സഹ നിര്‍മ്മാതാവും. ഇന്ദിരാ ഗാന്ധി ആയാണ് ചിത്രത്തില്‍ കങ്കണ വേഷമിടുന്നത്. സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് എമര്‍ജന്‍സി വിവാദമായത്.
സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എന്നാണ് സംഘടനകള്‍ പറയുന്നത്. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും അവര്‍ ആക്ഷേപിക്കുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 25ന് അകം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.
അതേസമയം, അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളി താരം വൈശാഖ് നായര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി വേഷമിടുന്നത്.
What's Your Reaction?