Liz Truss | വീണ്ടും ബ്രിട്ടന്റെ അമരത്ത് പെൺകരുത്ത്; ലിസ് ട്രസ്

ഇന്ത്യൻ വംശജനായ ഋഷി സുനകിനെ (Rishi Sunak) പിന്തള്ളി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് (Liz Truss) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിയെ തുടർന്നാണ് തിരഞ്ഞെടുപ്പു നടന്നത്.

Sep 7, 2022 - 12:12
 0
Liz Truss | വീണ്ടും ബ്രിട്ടന്റെ അമരത്ത് പെൺകരുത്ത്; ലിസ് ട്രസ്

ഇന്ത്യൻ വംശജനായ ഋഷി സുനകിനെ (Rishi Sunak) പിന്തള്ളി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് (Liz Truss) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിയെ തുടർന്നാണ് തിരഞ്ഞെടുപ്പു നടന്നത്. പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്നായിരുന്നു ബോറിസ് ജോൺസണിന്റെ രാജി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ബ്രിട്ടനിലെ മുൻ ധനമന്ത്രി കൂടിയാണ് ഋഷി സുനക്. തെരേസ മേയ്ക്കും മാർഗരറ്റ് താച്ചറിനും ശേഷം യുകെയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും 47കാരിയായ ലിസ് ട്രസ്.

''കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തിന് നേതൃത്വം നൽകാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി", ലിസ് ട്രസ് ട്വീറ്റ് ചെയ്തു.

ഓക്സ്ഫോർഡിൽ ജനിച്ച ലിസ് ട്രസ് സ്കോട്ട്ലൻഡിലെ പെയ്സ്ലിയിലും പിന്നീട് വടക്കൻ ഇംഗ്ലണ്ടിലെ ലീഡ്സിലുമായാണ് കുട്ടിക്കാലം ചെലവഴിച്ചത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. പിന്നീട് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. കൺസർവേറ്റീവ് പാർട്ടിയിലെത്തുന്നതിനു മുൻപ് മുമ്പ് ലിബറൽ ഡെമോക്രാറ്റുകളെയാണ് ലിസ് പിന്തുണച്ചിരുന്നത്.

ഒരു കാലത്ത് അക്കൗണ്ടന്റായും ലിസ് ജോലി ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയത്തിലായിരുന്നു ലിസിനു താത്പര്യം. 2001-ലെയും 2005-ലെയും പൊതുതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. 2006-ൽ തെക്ക്-കിഴക്കൻ ലണ്ടനിലെ ഗ്രീൻവിച്ചിൽ കൗൺസിലറായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. റൈറ്റ് ഓഫ് സെന്റർ റിഫോം തിങ്ക് ടാങ്കിന്റെ ഡെപ്യൂട്ടി ഡയറക്ടറായും ലിസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2010-ൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽ നിന്ന് പാർലമെന്റ് അംഗമായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷമുള്ള അവരുടെ ഉയർച്ച അതിശയാവഹമായിരുന്നു. രണ്ടു വർഷത്തിന് ശേഷം, ലിസ് വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014 ൽ, അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ലിസിന് പരിസ്ഥിതി സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകി.

2016-ൽ തെരേസ മേയുടെ കീഴിൽ നീതിന്യായ സെക്രട്ടറിയായി നിയമിതയായ ലിസ് ട്രസ് പിന്നീട് ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി. സർക്കാരിന്റെ സാമ്പത്തിക പരിപാടിയിലും നിർണായക പങ്ക് വഹിച്ചു.

2019 ൽ ബോറിസ് ജോൺസൺ ചുമതലയേറ്റപ്പോൾ, ട്രസ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കഴിഞ്ഞ വർഷമാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനം ലഭിച്ചത്.


ആ​ദ്യം ബ്രെക്സിറ്റിനെ എതിർത്താണ് ലിസ് ട്രസ് സംസാരിച്ചിരുന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നത് 'ഒരു ട്രിപ്പിൾ ദുരന്തം' ആയിരിക്കുമെന്നു പറഞ്ഞ ലിസ് പിന്നീട് ബ്രെക്സിറ്റിന് അനുകൂലമായി സംസാരിച്ചു.



യൂറോപ്യൻ യൂണിയനും യുകെയുമായുള്ള പ്രധാന ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നയാൾ കൂടിയാണ് ലിസ്. നോർത്തേൺ അയർലണ്ടുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ ബോറിസ് ജോൺസൺ ട്രസിനെയാണ് നിയമിച്ചത്.

റഷ്യ യുക്രെയ്നിനെ ആക്രമിച്ചപ്പോഴും ലിസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റഷ്യൻ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ ലിസ് റഷ്യക്കു മേൽ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.



കൺസർവേറ്റീവ് ലീഡറും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസിൽ പങ്കെടുത്തതാണ് ട്രസിന്റെ ആദ്യ രാഷ്ട്രീയ ഓർമ. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിന്റെ കടുത്ത അനുയായി മാറി. സോവിയറ്റ് യൂണിയൻ തകർച്ചയുടെ കാലത്ത് കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് തന്റെ രാഷ്ട്രീയ വീക്ഷണത്തിൽ മാറ്റം വരുത്തിയതെന്നാണ് ലിസ് ട്രസ് പറഞ്ഞിട്ടുള്ളത്.

കിഴക്കൻ യൂറോപ്പിലെ ഒരു ബ്രിട്ടീഷ് ആർമി ടാങ്കിൽ മാർ​ഗരറ്റ് താച്ചറിനു സമാനമായ രീതിയിൽ പോസ് ചെയ്ത ലിസ് ട്രസിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"എനിക്ക് നയിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയും. നമ്മൾ എവിടെ എത്തണം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നമ്മളെ അവിടെ എത്തിക്കാനുള്ള അനുഭവവും ദൃഢനിശ്ചയവും ഉണ്ട്'', എന്നാണ് പ്രചാരണത്തിനിടെ ലിസ് ട്രസ് ഡെയ്‌ലി ടെലിഗ്രാഫ് ദിനപത്രത്തോട് പറഞ്ഞത്.

പ്രചാരണ ഘട്ടത്തിൽ ദശലക്ഷക്കണക്കിന് പൗണ്ടുകളുടെ നികുതിയിളവ് ലിസ് ട്രസ് വാഗ്ദാനം ചെയ്തിരുന്നു. താൻ വിജയിച്ചാൽ, കോർപ്പറേഷൻ നികുതി വർദ്ധിക്കുന്നത് തടയുമെന്നും ഹരിത ഊർജത്തിനുള്ള നികുതികൾ താൽകാലികമായി നിർത്തുമെന്നും അവർ പറഞ്ഞിരുന്നു.

ഋഷി സുനകും ലിസ് ട്രസും തമ്മിലുള്ള പോരാട്ടം

കൺസർവേറ്റീവ് പാർട്ടിയിലെ വിശ്വസ്തയായ നേതാവായ ലിസ് ട്രസ്, ബോറിസ് ജോൺസണെ പിന്തുണച്ചവരിൽ ഒരാളാണ്. ജോൺസണെതിരായ പ്രതിഷേധത്തിന് തുടക്കമിട്ടതിന് ഭരണകക്ഷിയിലെ ചിലർ പോലും ഋഷി സുനകിനെ കുറ്റപ്പെടുത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടിയെ തോൽപ്പിക്കാൻ സുനകിന് കഴിയില്ലെന്നും ചിലർ വിലയിരുത്തിയിരുന്നു.

ഇന്ത്യൻ വംശജനെന്നും അതിസമ്പന്നനെന്നുമുള്ള പാർട്ടിയ്ക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്. കൺസർവേറ്റീവ് പാർട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും. ആദ്യഘട്ടത്തിൽ കൺസർവേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തിൽ മറ്റ് സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം. അഞ്ചിൽ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടിൽ പെന്നി മോർഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്. രണ്ടാം ഘട്ടത്തിന്റെ തുടക്കം തൊട്ടേ അഭിപ്രായ സർവ്വേകളിൽ ലിസ് ട്രസ് മുന്നിലെത്തിയിരുന്നു.

ട്രസ് വിജയിച്ചെങ്കിലും, പ്രവചിക്കപ്പെട്ടതു പോലുള്ള ഫലം ഉണ്ടായില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 2019ൽ ബോറിസ് ജോൺസൺ നേടിയത് 66.4 ശതമാനം നോട്ടാണ്. 2005ൽ ഡേവിഡ് കാമറൂൺ 67.6 ശതമാനവും 2001ൽ ഇയാൻ ഡങ്കൻ സ്മിത്ത് 60.7 ശതമാനവും നേടിയിരുന്നു. എന്നാൽ ലിസ് ട്രസിന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ 57 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്.

ജീവിതച്ചെലവും ഊർജ പ്രതിസന്ധിയും മുതൽ മാന്ദ്യത്തിന്റെ വക്കിലുള്ള സമ്പദ്‌വ്യവസ്ഥയെ നേരിടുക എന്ന വെല്ലുവിളി വരെ ലിസ് ട്രസിനു മുന്നിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow