താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ ടെലികോം കമ്പനികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്
പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാർ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ 2022 ദീപാവലിയോടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 10-12 ശതമാനം വരെ നിരക്ക് വർധനവിനാണ് സാധ്യത. ഈ മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരും 2021 നവംബറിൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു.
ഇടി ടെലികോമിലാണ് റിപ്പോർട്ട് ആദ്യം കണ്ടെത്തിയത്, യുഎസ് ഇക്വിറ്റി റിസർച്ച് സ്ഥാപനമായ വില്യം ഒ നീൽ ആൻഡ് കമ്പനിയുടെ ഇന്ത്യൻ യൂണിറ്റിലെ ഇക്വിറ്റി റിസർച്ച് മേധാവി മയൂരേഷ് ജോഷിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 200 രൂപ, 185 രൂപ, 135 രൂപ എന്നിങ്ങനെ എആർപിയു (ഓരോ ഉപയോക്താവിനും ശരാശരി വരുമാനം) ഉയർത്തുന്നുവെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം, 2ജി ഉപയോക്താക്കൾ വോഡഫോൺ ഇന്ത്യയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ഇവരെ 4ജി യിലേക്ക് മാറാൻ പ്രേരിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
2021 നവംബറിൽ എയർടെല്ലും വോഡഫോൺ ഐഡിയയും പ്രീപെയ്ഡ് താരിഫുകൾ 20-25 ശതമാനം വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഈ നീക്കം ഉടൻ തന്നെ റിലയൻസ് ജിയോയും ഏറ്റുപിടിച്ചു. 79 രൂപ പ്ലാൻ പോലുള്ള ജനപ്രിയ ലോ-ടയർ പ്ലാനുകൾ 99 രൂപയായി ഉയർന്നു, 84 ദിവസം വാലിഡിറ്റിയുള്ള എയർടെലിന്റെ 2 ജിബി പ്രതിദിന പ്ലാൻ ഇതിനു ശേഷം 698 രൂപയിൽ നിന്ന് 839 രൂപയായി ഉയർന്നു. ഡാറ്റ ബൂസ്റ്ററുകളുടെയും വിലയും വർധിച്ചിപ്പിച്ചു.
അതേസമയം, റിലയൻസ് ജിയോ നിരക്കുകൾ വർധിപ്പിച്ചെങ്കിലും എയർടെല്ലിനെയും വോഡഫോൺ ഐഡിയയെയും അപേക്ഷിച്ച് നിരക്ക് കുറവാണ്
What's Your Reaction?