വാക്സീൻ എടുക്കാൻ വിസമ്മതിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കി

കോവിഡ് വാക്സീൻ എടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഇന്ത്യൻ വ്യോമസേന സർവീസിൽനിന്നു നീക്കിയതായി കേന്ദ്ര സർക്കാർ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു

Aug 13, 2021 - 15:29
 0
വാക്സീൻ എടുക്കാൻ വിസമ്മതിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കി

കോവിഡ് വാക്സീൻ എടുക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ ഇന്ത്യൻ വ്യോമസേന സർവീസിൽനിന്നു നീക്കിയതായി കേന്ദ്ര സർക്കാർ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്സീൻ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. വ്യോമസേന കോർപറൽ യോഗേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, അഡിഷനൽ സോളിസിറ്റർ ജനറൽ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്താകെ ഒൻപതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ചത്. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിൽ നോട്ടിസിനു മറുപടി നൽകാത്ത ആളെയാണു സർവീസിൽനിന്നു നീക്കിയത്. – വ്യാസ് കോടതിയെ അറിയിച്ചു. എന്നാൽ സർവീസില്‍നിന്നു നീക്കിയ ആളുടെ പേരു വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തില്ല. വാക്സീൻ സ്വീകരിക്കുക എന്നതു വ്യോമസേനയുടെ സർവീസിൽ നിർബന്ധിത ഉപാധിയാക്കിയിട്ടുണ്ടെന്നും സത്യപ്രതിജ്ഞയിൽ ഇതും ഉൾപ്പെടുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കോർപറൽ യോഗേന്ദ്ര കുമാർ നോട്ടിസിനു മറുപടി നൽകിയ സാഹചര്യത്തിൽ അദ്ദേഹത്തിന് ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനു മുൻപാകെ ഹാജരാകാമെന്നും ജനറൽ ദേവാങ് വ്യാസ് പറഞ്ഞു. വാക്സീൻ സ്വീകരിക്കാൻ തയാറാകാത്തതിനു വ്യോമസേന നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോർപറൽ യോഗേന്ദ്ര കുമാർ മേയ് 10നാണു കോടതിയെ സമീപിച്ചത്.

സർവീസിൽനിന്നു പിരിച്ചുവിടാതിരിക്കാൻ മതിയായ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനാണു നോട്ടിസിൽ പറയുന്നത്. വാക്സീൻ സ്വീകരിക്കുന്നതു സന്നദ്ധതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും നിർബന്ധം ആക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവു പാലിക്കാൻ വ്യോമസേനയോടു നിർദേശിക്കണമെന്നും യോഗേന്ദ്ര കുമാർ ഹർജിയിൽ പറയുന്നു. ഹർജിക്കാരന് ഇടക്കാലാശ്വാസമെന്ന നിലയിൽ എതിർ നടപടി കൈക്കൊള്ളുന്നതെന്തെന്നു തിരുമാനിക്കുന്നതുവരെ അദ്ദേഹത്തിനു നിർബന്ധിത വാക്സീൻ നൽകരുതെന്നും കോടതി വിധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow