മലപ്പുറം: മലപ്പുറം ജില്ലയുടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂമി വിള്ളല്‍ പ്രതിഭാസത്തെ കുറിച്ചു റവന്യൂ വകുപ്പ് പരിശോധന തുടങ്ങി. പെരിന്തല്‍മണ്ണ വലമ്ബൂര്‍ വില്ലേജിലെ കരിമലയില്‍ താമസിക്കുന്ന ചക്കിങ്ങല്‍ തൊടി അനീസ് എന്നയാളുടെ വീടിനു സമീപം രൂപം കൊണ്ട വിള്ളല്‍ പരിശോധിക്കുന്നതിനു വേണ്ടി പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ മെഹറലി .എന്‍.എം.സ്ഥലം സന്ദര്‍ശിച്ചു. പരിശോധനാ സമയത്ത് എല്‍.ആര്‍. തഹസില്‍ദാര്‍ കെ.ലത, ഡെ. തഹസില്‍ദാര്‍മാരായ ശ്രീ.മധുസൂധനന്‍ പിള്ള,.രാധാകൃഷണന്‍, വലമ്ബൂര്‍ വില്ലേജ് ഓഫീസര്‍ സുരേന്ദ്രന്‍, വി.എഫ്.എ.ശ്രീ.അശോകന്‍ എന്നിവരും ഉണ്ടായിരുന്നു.
പെരിന്തല്‍മണ്ണ വലമ്ബൂര്‍ വില്ലേജിലെ കരിമലയിലെ ഭൂമി വിള്ളല്‍ റവന്യൂ വകുപ്പ് പരിശോധിക്കുന്നു
ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം മലപ്പുറം ജില്ലയില്‍ വ്യാപിക്കുകയാണ്. പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതിനു പിന്നലെ മങ്കട കരിമലയില്‍ ഭൂമി വിണ്ടു കീറിയിരുന്നു. വലമ്ബൂര്‍ വില്ലേജിലെ കുന്നിന്‍ പ്രദേശമായ കരിമല ചക്കിങ്ങ തൊടി അനീസ്,ബഷീര്‍ എന്നിവരുടെ ഭൂമിയിലാണ് വിള്ളല്‍ വിള്ളല്‍ കാണപ്പെട്ടത്. ചില സ്ഥലങ്ങളില്‍ വിള്ളലിന് ഒരടി വീതിയുണ്ട്.മൂന്നു ഭാഗങ്ങളിലായി 50 ഓളം മീറ്റര്‍ ഭൂമി വിണ്ടുകീറിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലും ഇവിടെ വിള്ളല്‍ രൂപ പെട്ടിരുന്നു.
അന്ന് വിള്ളലുണ്ടായ തിനെ തുടര്‍ന്ന് വിറകുപുര പൊളിച്ചു മാറ്റി. ജിയോളജി ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് ഭീഷണിയില്ലെന്ന് അറിയിച്ചു. വിള്ളലുണ്ടായ സ്ഥലത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 200 ഓളം ലോഡ് മണ്ണ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ തവണ വിള്ളല്‍ ഉണ്ടായ സ്ഥലങ്ങളിലും മറ്റ് ഭാഗങ്ങളിലുമായി ചെറിയ തോതില്‍ വിള്ളല്‍ ഒരാഴ്ച മുമ്ബാണ് കണ്ടത്. വിള്ളല്‍ കൂടി വരുന്നതായി വ്യാഴാഴ്ചയാണ് ശ്രദ്ധയില്‍ പെട്ടത്.വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വലമ്ബൂര്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ബന്ധുക്കളായ ചക്കിങ്ങ തൊടി അനീസ്,ബഷീര്‍, ഹനീഫ,അസിസ് എന്നിവരുടെ വീടുകളാണ് ഇവിടെയുള്ളത്