മുംബൈയ്ക്കെതിരെ രാജസ്ഥാന് ഏഴു വിക്കറ്റ് ജയം; ജോസ് ബട്‌ലർക്ക് തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി
മുംബൈ∙ ഐപിഎല്ലിൽ വൈകിത്തുടങ്ങിയ അടി നിർത്താനുള്ള മൂഡിലായിരുന്നില്ല ജോസ് ബട്‌ലർ! ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ബട‌്‌ലർ കത്തിപ്പടർന്നപ്പോൾ മുംബൈ ചാമ്പലായി. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ നിർണായക മൽസരം തോറ്റ മുംബൈയുടെ പ്രതീക്ഷകൾ ഏറെക്കുറെ
മുംബൈ∙ ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ജോസ് ബട‌്‌ലർ കത്തിപ്പടർന്നപ്പോൾ മുംബൈ ചാമ്പലായി. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. നിർണായക മൽസരം തോറ്റ മുംബൈയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.
ഒരിക്കൽക്കൂടി രാജസ്ഥാന്റെ മാനം കാത്തത് 53 പന്തിൽ ഒൻപതു ഫോറും അഞ്ചു സിക്സും പറത്തി 94 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്സാണ്. ഓപ്പണർ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ബട്‌ലറും രഹാനെയും ഒത്തുചേർന്നതോടെ രാജസ്ഥാൻ ഇന്നിങ്സിനു താളം കൈവന്നു. രഹാനെ 37 റൺസ് നേടി. പിന്നീടെത്തിയ സഞ്ജുവിന്റെ ഇന്നിങ്സ് 14 പന്തേ നീണ്ടുള്ളു; പക്ഷേ രണ്ടു വീതം ഫോറും സിക്സുമടക്കം സഞ്ജു നേടിയ 26 റൺസും രാജസ്ഥാന്റെ റൺചേസിൽ നിർണായകമായി. ഒടുവിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ബട്‌ലർ രാജസ്ഥാന്റെ വിജയറണ്ണടിച്ചു.
ടോസ് നേടിയ രാജസ്ഥാൻ മുംബൈയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ആഞ്ഞടിച്ച എവിൻ ലൂയിസിന്റെയും (42 പന്തിൽ 60) സൂര്യകുമാർ യാദവിന്റെയും (31 പന്തിൽ 38) മികവിൽ മുംബൈ വമ്പൻ സ്കോറിലേക്കു നീങ്ങുമെന്നു തോന്നി.പത്ത് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 86 റൺസ് എന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ 11–ാം ഓവറിൽ സൂര്യകുമാറിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി ജോഫ്ര ആർച്ചർ മുംബൈയ്ക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു.
പിന്നീടു കണിശതയാർന്ന ബോളിങിലൂടെ രാജസ്ഥാൻ മൽസരത്തിലേക്കു തിരിച്ചുവന്നു. 21 പന്തിൽ 36 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് മുംബൈയെ മാന്യമായ സ്കോറിൽ എത്തിച്ചത്. സ്റ്റോക്സിന്റെ പന്തിൽ മികച്ച ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ഹാർദികിനെ കൈപ്പിടിയിലൊതുക്കിയത്.
What's Your Reaction?