ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സൈഡ് നല്‍കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഗുരുതര ആരോപണവുമായി മേയര്‍ രംഗത്ത്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍എച്ച് യദു നഗ്നത പ്രദര്‍ശനം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെയും പ്രതിയായിരുന്നെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും മേയര്‍ ആരോപിച്ചു.
ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണ് പ്രതികരിക്കാന്‍ കാരണമായതെന്നും, യദു ലഹരി ഉപയോഗിച്ചിരുന്നതായും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. യദു ലഹരി ഉപയോഗിച്ച ശേഷം അതിന്റെ പായ്ക്കറ്റ് തങ്ങളുടെ വാഹനത്തിന്റെ വശത്തേക്കാണ് വലിച്ചെറിഞ്ഞതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്യയുടെ ആരോപണങ്ങള്‍ യദു നിഷേധിച്ചു.
നഗ്നത പ്രദര്‍ശനം പഴയ കേസാണെന്നും അത് കോടതി പോലും തള്ളിക്കളഞ്ഞതാണെന്നും യദു പറയുന്നു. കേസിന്റെ യാഥാര്‍ത്ഥ്യം പോലും അന്വേഷിക്കാതെയാണ് മേയര്‍ ആരോപണമുന്നയിക്കുന്നതെന്നും യദു കൂട്ടിച്ചേര്‍ത്തു. താന്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കാറില്ല. സംഭവത്തിന് പിന്നാലെ പൊലീസ് തന്റെ വൈദ്യ പരിശോധന നടത്തിയിരുന്നതായും യദു മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രി പാളയത്ത് ആയിരുന്നു സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടകം വൈറലായിട്ടുണ്ട്
What's Your Reaction?