ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരാവകാശത്തിന്റെ ലംഘനം, റദ്ദാക്കണമെന്ന് സുപ്രീംകോടതി

Feb 16, 2024 - 15:16
 0
ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരാവകാശത്തിന്റെ ലംഘനം, റദ്ദാക്കണമെന്ന് സുപ്രീംകോടതി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം വിവരാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിറുത്താന്‍ കോടതി എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ഇതുവരെയുള്ള ബോണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന വിവരങ്ങള്‍ അടുത്ത മാസം 31ന് മുന്‍പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച പണത്തിന് സുതാര്യതയുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിയ്ക്കാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിക്കാര്‍.

അംഗീകൃത ബാങ്കുകള്‍ വഴി തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പണമാക്കി മാറ്റാനും സാധിക്കും. എന്നാല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ പ്രത്യേകത.

What's Your Reaction?

like

dislike

love

funny

angry

sad

wow