ഡൽഹിയിൽ റെഡ് അലർട്ട്; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില, വായുനിലവാരവും മോശം
രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനില. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. അതേസമയം തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസം ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടാണെന്നും ഐഎംഡി അറിയിച്ചു.
മോശം കാലാവസ്ഥ കാരണം ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞിരിക്കുന്നതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സഫ്ദാര്‍ജങ് ഒബ്‌സര്‍വേറ്ററിയില്‍ ശനിയാഴ്ച രാവിലെ 05:30ന് 200 മീറ്റര്‍ ദൃശ്യപരിധിയാണ് രേഖപ്പെടുത്തിയത്.
വായുനിലവാര സൂചികയിലും (എക്യുഐ) ഡല്‍ഹി മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഡല്‍ഹിയിലെ വായുനിലവാരം 365 ആണ്. വായുനിലവാരം 50 ആകുന്നതാണ് നല്ലത് എന്ന് കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നിങ്ങനെയാണ് വായുനിലവാരസൂചികയുടെ തരംതിരിവുകള്‍.
What's Your Reaction?