ബംഗ്ലാദേശില്‍ വീണ്ടും അധികാരം പിടിച്ച് ഷെയ്ഖ് ഹസീന; നാലാം തവണയും അവാമി ലീഗ്

Jan 8, 2024 - 20:15
 0
ബംഗ്ലാദേശില്‍ വീണ്ടും അധികാരം പിടിച്ച് ഷെയ്ഖ് ഹസീന; നാലാം തവണയും  അവാമി ലീഗ്

ബംഗ്ലാദേശില്‍ വീണ്ടും അധികാരം പിടിച്ച് ഷെയ്ഖ് ഹസീന. തുടര്‍ച്ചയായ നാലം തവണയും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് അവാമി ലീഗ് അധികാരം നിലനിര്‍ത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളിലും വിജയിച്ചാണ് അവാമി ലീഗ് വെന്നിക്കൊടി പാറിച്ചത്. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്.

76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാല്‍ഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുല്‍ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതല്‍ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച്  മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്

കനത്ത സുരക്ഷയില്‍ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രര്‍ക്ക് പുറമെ 27 രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നായി 1500ലേറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഇന്ത്യയില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധര്‍ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ 7.5 ലക്ഷത്തിലേറെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതാണ് ഇത്രയും വലിയ വിജയം ഹസീനയ്ക്ക് സമ്മാനിച്ചത്. തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow