'പണമില്ലെന്നു വച്ച് സർക്കാർ ആഘോഷത്തിനൊന്നും കുറവില്ലല്ലോ? മറിയക്കുട്ടി കോടതിക്ക് VIP' ഹൈക്കോടതി
മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് നാല് മാസത്തെ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നതെന്നുമാണ് കോടതിയെ അറിയിച്ചത്. കൂടാതെ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ലായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി എന്ന വാദത്തെ കോടതി ചോദ്യം ചെയ്യുകയായിരുന്നു. പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.
ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വിഐപിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിക്ക് വിധവ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാളെ തന്നെ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് നാളെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിഷയത്തില്‍ സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം ഹൈക്കോടതി നേരത്തെ തേടിയിരുന്നു.
What's Your Reaction?