ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്ത് ഇന്ത്യ
ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്.
കഴിഞ്ഞ മത്സരങ്ങളിലൊക്കെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്നതാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. അവരുടെ സൂപ്പർതാരം ക്വിന്‍റൻ ഡികോക്ക്(അഞ്ച്) തുടക്കത്തിലേ പുറത്തായി. സിറാജിന്‍റെ പന്തിൽ പ്ലേഡൌണായി വിക്കറ്റ് തെറിക്കുകയായിരുന്നു. തുടർന്ന് ടെംബ ബവുമ(11), എയ്ഡൻ മർക്രം(9), വാൻഡർ ഡസൻ(13), ഹെൻറിച്ച് ക്ലാസൻ(1), ഡേവിഡ് മില്ലർ(11) എന്നിവരും മടങ്ങി. ഇതോടെ ആറിന് 59 എന്ന നിലയിലേക്ക് തകർന്നു.
പിടിച്ചുനിൽക്കാൻ മാർക്കോ യാൻസനും റബാഡയും ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും മുന്നിൽ അവർ തകർന്നടിഞ്ഞു. 14 റൺസെടുത്ത യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ബോളിങ്ങിൽ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. മൊഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മൊഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. സെഞ്ച്വറി നേടി ജന്മദിനം കളറാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 119 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്ലി 10 ഫോറുകൾ നേടി. കോഹ്ലിയെ കൂടാതെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും(77) നായകൻ രോഹിത് ശർമ്മയും(24 പന്തിൽ 40 റൺസ്) ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വിരാട് കോഹ്ലിയുടെ 49-ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് നേടിയത്. സെഞ്ച്വറി നേട്ടത്തിൽ സച്ചിനൊപ്പം എത്താനും കോഹ്ലിക്ക് കഴിഞ്ഞു.
ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൌണ്ടർ മാർക്കോ യാൻസന് തൊട്ടതെല്ലാം പിഴയ്ക്കുന്നതു കണ്ടുകൊണ്ടാണ് ഈഡൻ ഗാർഡൻസിൽ കളിത്തട്ടുണർന്നത്. വൈഡുകളും ഫോറുകളുമായി രണ്ടാം ഓവറിൽ യാൻസൻ വിട്ടുനൽകിയത് 17 റൺസ്. നായകൻ രോഹിത് ശർമ്മയുടെ കടന്നാക്രമണം കൂടിയായതോടെ കളി കൈയിൽനിന്ന് പോയ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക. ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ ബോളിങ് ചേഞ്ചായി എത്തിയ റബാഡ രോഹിതിനെയും വൈകാതെ കേശവ് മഹാരാജ് ശുഭ്മാൻ ഗില്ലിനെയും പുറത്താക്കി. ഇതോടെ ഇന്ത്യ 10 ഓവറിൽ രണ്ടിന് 93 എന്ന നിലയിലായി.
കോഹ്ലി-ശ്രേയസ് അയ്യർ സഖ്യം മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. അവസാന 10 ഓവറിൽ ഇന്ത്യയുടെ സ്കോറിങ് പിടിച്ചുനിർത്തുന്നതിൽ ഒരുപരിധി വരെ ദക്ഷിണാഫ്രിക്ക വിജയിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ 350-400 റൺസിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. സൂര്യകുമാർ യാദവ് 14 പന്തിൽ 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എങ്കിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
What's Your Reaction?