‘പാവങ്ങളുടെ കൊക്കെയ്ൻ‘; ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസ് ഭീകരർ ഈ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്
ഈ മാസം ആദ്യം ഇസ്രായേലിൽ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരർ സിന്തറ്റിക് ആംഫെറ്റാമൈൻ വിഭാഗത്തിൽപ്പെടുന്ന ക്യാപ്റ്റഗൺ എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. നിരവധി തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ രഹസ്യമായി ഇവ നിർമ്മിച്ചിരുന്നതായി ജെറുസലേം പോസ്റ്റും ചാനൽ 12 ഉം റിപ്പോർട്ട് ചെയ്തു. കൂടാതെ അറേബ്യൻ പെനിൻസുലയിലെ ഉപഭോക്തൃ വിപണികളിലേക്ക് തുർക്കി വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ഇസ്രായേലിൽ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റിൽ നിന്ന് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തതായും ഇസ്രായേൽ ആസ്ഥാനമായുള്ള രണ്ട് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. പാവങ്ങളുടെ കൊക്കെയ്ൻ എന്നാണ് ഈ മയക്കുമരുന്നിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഒക്‌ടോബർ 7ന് ഗാസ അതിർത്തിയിൽ താമസിക്കുന്ന ഇസ്രായേലികളെയും സംഗീതോത്സവത്തിൽ പങ്കെടുത്തവരെയും വധിച്ചപ്പോൾ ഹമാസ് ഭീകരർ ഈ മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവുണ്ട്.
അതോടൊപ്പം 2015 ൽ ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് ഭയം തോന്നാതിരിക്കാൻ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരും ഇതേ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിലവിൽ ഐഎസിന്റെ സ്വാധീനം കുറഞ്ഞതിനാൽ ലെബനനും സിറിയയും വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായും ഇസ്രായേൽ വാർത്താ ഏജൻസികൾ അവകാശപ്പെടുന്നു.
ഗാസ സിറ്റിയിൽ ആളുകൾക്കിടയിൽ ഈ മരുന്ന് ജനപ്രിയമാണെന്നും വിലയിരുത്തുന്നു. അതേസമയം ആംഫെറ്റാമൈൻ ഗണത്തിൽപ്പെട്ട ഈ മരുന്ന്, ശ്രദ്ധാ വൈകല്യങ്ങൾ, നാർകോലെപ്സി, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് വികസിപ്പിച്ചത്. ദരിദ്ര രാജ്യങ്ങളിൽ മരുന്നിന് ഒരു ഗുളികയ്ക്ക് ഒന്നോ രണ്ടോ ഡോളറും സമ്പന്ന രാജ്യങ്ങളിൽ ഒരു ഗുളികയ്ക്ക് 20 ഡോളറും വില വരുന്നുണ്ട്.
എന്നാൽ ക്യാപ്‌റ്റഗൺ നിർമ്മാണവും വിൽപ്പനയും സിറിയയുടെ ഒരു പ്രധാന വരുമാന സ്രോതസ്സാണെന്നും ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 -ൽ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അസദുമായി ബന്ധമുള്ള വ്യക്തികൾ ക്യാപ്റ്റഗണിന്റെ നിർമ്മാണത്തിനായി ഒരു വലിയ വ്യവസായം തന്നെ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. മയക്കു മരുന്നിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഈ വ്യവസായം പൂർണ്ണമായും അസദിന്റെ സഹോദരന്റെ മേൽനോട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്
What's Your Reaction?