വിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Aug 4, 2023 - 18:11
 0
വിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 4 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് മൂന്നിലെത്തി (1-0). അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 10 റണ്‍സ്. എന്നാല്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ, 3 റൺസെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. പിന്നാലെ ആറ് റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 21 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത സൂര്യയെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ വമ്പനടികളുമായി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 11ാം ഓവറില്‍ തിലകിനെ മടക്കി റൊമാരിയോ ഷെപ്പേര്‍ഡ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് തിലക് എടുത്തത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും തിലക് വർമ തന്നെ

പതിനാറാാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ (19) ഹോള്‍ഡര്‍ മടക്കി. തുടര്‍ന്ന് അതേ ഓവറില്‍ സഞ്ജു സാംസണ്‍ (12) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇന്ത്യ തീര്‍ത്തും പ്രതിരോധത്തിലായി.  

11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ പൊരുതി നോക്കിയെങ്കിലും 19ാം ഓവറില്‍ പുറത്തായി. ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 

വിന്‍ഡീസിനായി ഒബെദ് മക്കോയ്, ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ റോവ്മാന്‍ പവലിന്റെയും നിക്കോളാസ് പൂരന്റെയും ഇന്നിങ്സുകളാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

32 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 48 റണ്‍സെടുത്ത പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍..

19 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത ബ്രെണ്ടെന്‍ കിങ് വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും കൈല്‍ മയേഴ്സ് (1), ജോണ്‍സണ്‍ ചാള്‍സ് (3) എന്നിവര്‍ നിരാശപ്പെടുത്തി.

തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. 34 പന്തുകള്‍ നേരിട്ട് രണ്ട് വീതം സിക്സും ഫോറുമടക്കം 41 റണ്‍സെടുത്ത പൂരനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്മയര്‍ക്ക് 12 പന്തില്‍ നിന്ന് 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക്കും കുല്‍ദീപും ഓരോ വിക്കറ്റെടുത്തു.  

What's Your Reaction?

like

dislike

love

funny

angry

sad

wow