മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; കേസന്വേഷണം സിബിഐക്ക്; വീഡിയോ ഷൂട്ട് ചെയ്തയാൾ പിടിയിൽ
മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നനരാക്കി നടത്തിയ സംഭവത്തിലെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. കേസിന്‍റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനും ആലോചിക്കുന്നതായി ഉന്നത കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മണിപ്പൂരിലെ രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും ഇരു ഗ്രൂപ്പുകളുമായും ഒരു സംയുക്ത യോഗത്തിന് സർക്കാർ വളരെ അടുത്താണെന്നും വൃത്തങ്ങൾ അറിയിച്ചു. ഓരോ കക്ഷികളുമായും വെവ്വേറെ ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്.
അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെയാണ് മേയ് നാലിന് ചിത്രീകരിച്ച വീഡിയോ പുറത്തായത്.
What's Your Reaction?