KSRTC ബസിലെ CCTV മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു

May 2, 2024 - 15:11
 0
KSRTC ബസിലെ CCTV മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നി‍ർണായകമായ, ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എം ഡി പ്രമോജ് ശങ്കറിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആ‌ർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്.

തമ്പാനൂർ ഡിപ്പോയിൽ ക്യാമറാ സംവിധാനം ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദമായ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ യഥാർത്ഥ വസ്തുത പുറത്തുവരുന്നതിന് ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ നിർണായകമാണ്.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയർ ആരോപിക്കുന്നത് പോലെ ബസ് അമിത വേഗത്തിലായിരുന്നോ? വാഹനങ്ങളെ അപകടകരമായ രീതിയിൽ ഓവര്‍ടേക്ക് ചെയ്തിരുന്നോ ? എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ദൃശ്യങ്ങൾ അടങ്ങിയ കാർഡ‍് കാണാനില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow