Satyapal Malik CBI: ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ 5 മണിക്കൂർ ചോദ്യം ചെയ്‌തു
Satyapal Malik CBI: ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം ഏജൻസി തുടർനടപടികൾ തീരുമാനിക്കും.
ജമ്മു കശ്‌മീർ (J&K) ഗവർണറായിരിക്കെ രണ്ട് ഫയലുകൾ തീർപ്പാക്കാൻ, 2018 ഓഗസ്‌റ്റ് 23നും 2019 ഒക്ടോബർ 30നും ഇടയിൽ 300 കോടി രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്തെന്ന പരാതിയിൽ മുൻ ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മാലിക്കിനെ (Satyapal Malik) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (CBI) ഉദ്യോഗസ്ഥർ ഇന്ന് അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം ഏജൻസി തുടർനടപടികൾ തീരുമാനിക്കും.
“കേസിനെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതിനാൽ അവരുടെ മുമ്പാകെ ഹാജരാകാൻ സിബിഐ എന്നോട് ആവശ്യപ്പെട്ടു. എന്റെ സൗകര്യമനുസരിച്ച് ഏപ്രിൽ 27നോ ഏപ്രിൽ 28നോ വരാൻ അവർ എന്നോട് വാക്കാൽ ആവശ്യപ്പെട്ടു" എന്നായിരുന്നു നേരത്തെ സത്യപാൽ മാലിക് ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞത്.
ആർഎസ്എസും ബിജെപി നേതാവ് രാം മാധവും ചേർന്ന് ഫയലുകൾ പാസാക്കുന്നതിനായി തനിക്ക് പണം വാഗ്‌ദാനം ചെയ്‌തതായി അടുത്തിടെ അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മറുപടി നൽകിയ രാം മാധവ് സത്യപാൽ മാലിക്കിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു.
സർക്കാർ ജീവനക്കാർക്കുള്ള ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലും, കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട സിവിൽ ജോലിയുമായി ബന്ധപ്പെട്ട 2,200 കോടി രൂപയുടെ കരാരിലും മാലിക് ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ സിബിഐ രണ്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു.
What's Your Reaction?