ക്യാമറ ടെസ്റ്റിൽ അടിതെറ്റി ഐഫോണ്‍ XS; വിജയിച്ചത് വാവെയ് മെയ്റ്റ് പ്രോ 20

ലോകത്തെ ഏറ്റവും മികച്ച ക്യാമറ ഫോണ്‍ ഉണ്ടെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ അംഗീകരിക്കപ്പെടണമെന്നില്ല. 'ക്യാമറകളല്ല ചിത്രമെടുക്കുന്നത് ഫോട്ടോഗ്രാഫറാണ്' എന്ന ക്ലീഷെയ്ക്കും തൽകാലം വിട നല്‍കാം. ഫോട്ടോകളെ കാണുന്നത് ക്യാമറയുടെ ഡൈനാമിക് റെയ്ഞ്ചിന്റെ ബലത്തിലോ

Dec 7, 2018 - 21:41
 0
ക്യാമറ ടെസ്റ്റിൽ അടിതെറ്റി ഐഫോണ്‍ XS; വിജയിച്ചത് വാവെയ് മെയ്റ്റ് പ്രോ 20

ലോകത്തെ ഏറ്റവും മികച്ച ക്യാമറ ഫോണ്‍ ഉണ്ടെങ്കിലും നിങ്ങളുടെ ചിത്രങ്ങള്‍ അംഗീകരിക്കപ്പെടണമെന്നില്ല. 'ക്യാമറകളല്ല ചിത്രമെടുക്കുന്നത് ഫോട്ടോഗ്രാഫറാണ്' എന്ന ക്ലീഷെയ്ക്കും തൽകാലം വിട നല്‍കാം. ഫോട്ടോകളെ കാണുന്നത് ക്യാമറയുടെ ഡൈനാമിക് റെയ്ഞ്ചിന്റെ ബലത്തിലോ, പിടിച്ചെടുത്ത വിശദാംശങ്ങളുടെ ബാഹുല്യത്തിലോ അല്ല, മറിച്ച്, ഫോട്ടോ എത്ര പ്രകാശമാനമാണ് (brightness) എന്ന കാര്യത്തിനാണ് അബോധ മനസിന്റെ തിരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിക്കുന്നതെന്നാണ് വ്‌ളോഗറായ മാര്‍ക്കെസ് ബ്രൗണ്‍ലി (Marques Brownlee) നടത്തിയ ബ്ലൈന്‍ഡ് ടെസ്റ്റ് തെളിയിക്കുന്നത്.

പതിനാറു ക്യാമറ ഫോണുകളെയാണ് ടെസ്റ്റിനു വിധേയമാക്കിയത്. ഡിഎക്‌സോ മുതല്‍ പല വമ്പന്‍ ക്യാമറ ടെസ്റ്റിങ് വെബ്‌സൈറ്റുകളും നടത്തുന്ന ടെസ്റ്റുകൾ പോലെയല്ലാതെ ഫോണുകളിലെടുത്ത ചിത്രങ്ങളെ, ഫോണിന്റെ പേരു വെളിപ്പെടുത്താതെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വോട്ടിനിടുകയാണ് ചെയ്തത്. വോട്ടു ചെയതവരില്‍ ഫോട്ടോഗ്രാഫര്‍മാരും ക്യാമറ ടെസ്റ്റ് നടത്തുന്നവരുമുണ്ടായിരുന്നു. അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഫലങ്ങള്‍. മുന്‍ വര്‍ഷങ്ങളിലെ ഫോണുകളെയും ഉള്‍പ്പെടുത്തിയായിരുന്നു ടെസ്റ്റ്.

ആദ്യ റൗണ്ടില്‍ തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാമറ ഫോണുകളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഐഫോണ്‍ Xs ഉം, പിക്‌സല്‍ 3യും തോറ്റു പുറത്തായതാണ് പ്രധാന വാര്‍ത്ത. അതും ഇത്തരമൊരു മത്സരത്തില്‍ പലരും വാക്കോവര്‍ ലഭിക്കുമെന്നു കരുതിയ എതിരാളികള്‍ക്കു മുന്നിലാണ് അടിയറവു പറഞ്ഞതെന്നതാണ് എടുത്തുപറയേണ്ട കാര്യം. ബ്ലാക്‌ബെറി കീ2 വിനോടു പരാജയപ്പെട്ടാണ് ഐഫോണ്‍ Xs പുറത്തായതെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെ സുപ്രധാന ഫോണായിരുന്ന ഐഫോണ്‍ X പരാജയമടഞ്ഞത് ഷവോമിയുടെ പോക്കോ ഫോണ്‍ F1നോടാണ്. എല്‍ജി v40യാണ് പിക്‌സല്‍ 2നെ തോല്‍പ്പിച്ചത്. പിക്‌സല്‍ 3 തോറ്റത് വാവെയ് P20 പ്രോയോടാണ്.

ഫൈനലില്‍ പ്രവേശിച്ചത് പോക്കോ ഫോണും വാവെയ് മെയ്റ്റ് 20 പ്രോയുമാണ്. വിജയി മെയ്റ്റ് 20 പ്രോയാണെന്ന കാര്യവും മറക്കേണ്ട. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാമറ ഫോണ്‍ വാവെയ് മെയ്റ്റ് 20 പ്രോ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. ഡിഎക്‌സ്ഒ ഈ ഫോണിന് ഇതുവരെ മാര്‍ക്ക് നല്‍കിയിട്ടില്ല.

ബ്രൗണ്‍ലീ നടത്തിയ ബ്ലൈന്‍ഡ് ടെസ്റ്റ് ശാസ്ത്രീയമല്ല. പക്ഷേ, ഒരു ചിത്രം പൊതുവെ എങ്ങനെ കാഴ്ചക്കാരന് അനുഭവപ്പെടുന്നു എന്നത് ടെസ്റ്റ് വ്യക്തമായി കാണിക്കുന്നുമുണ്ട്. ബ്രൈറ്റ്‌നെസ് ലെവല്‍ കൂടുതലുള്ള, അല്ലെങ്കില്‍ അല്‍പ്പം 'പോപ്' (pop) കുടുതലുള്ള ചിത്രങ്ങളെ ഇതു കുറവുള്ളവയെക്കാള്‍ മികച്ചതായി കൂടുതല്‍ ആളുകളും തിരഞ്ഞെടുത്തുവെന്ന് ടെസ്റ്റിലുടനീളം കാണാം. ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ഐഫോണ്‍ Xsനു ലഭിച്ചത് 63,000 വോട്ടുകളാണെങ്കില്‍ വിജയിയായ ബ്ലാക്‌ബെറി കീ2നു ലഭിച്ചത് 2,28,000 വോട്ടുകളാണ്. അടുത്തു പരിശോധിച്ചാല്‍ എല്ലാ രീതിയിലും തന്നെ ഐഫോണ്‍ ചിത്രം ബ്ലാക്‌ബെറി ഫോട്ടോയെക്കാള്‍ മെച്ചമാണെന്നു കാണാം. പക്ഷേ, ബ്ലാക്‌ബെറിയില്‍ നിന്നു വന്ന ചിത്രം അല്‍പ്പം കൂടുതല്‍ ബ്രൈറ്റ്‌നെസ് ഉള്ളതും അതുപോലെ അല്‍പ്പം കൂടുതല്‍ വാം ടോണിലുള്ളതുമായിരുന്നു എന്നതായിരിക്കണം ഇത്രയധികം വോട്ട് ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്. ഇതു തന്നെയാണ് മറ്റു ചിത്രങ്ങളുടെ കാര്യത്തിലും കാണാവുന്നത് എന്നാണ് ബ്രൗണ്‍ലീ പറയുന്നത്. എക്‌സ്‌പോഷര്‍ നല്ലതായാല്‍ തന്നെ ചിത്രം കൂടുതല്‍ എടുത്തു കാണിക്കുകയും ആകര്‍ഷകമാകുകയും ചെയ്യുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow