സ്‌പെയിനില്‍ കാളപ്പോരിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
സ്‌പെയിനില്‍ കാളപ്പോരിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികളുടെ കൂട്ടായ്മ. പ്രശസ്തമായ സാന്‍ ഫെര്‍മിന്‍ കാളയോട്ട ഉത്സവം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ തെരുവിലിറങ്ങിയത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാംപലോണ മേയര്‍ അറിയിച്ചു.

ലോകപ്രശസ്തമായ സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാംപലോണ സിറ്റി ഹാളിന് മുന്‍പില്‍ മൃഗാവകാശപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. കാളയോട്ടവും കാളപ്പോരും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്. എന്നാല്‍ ഫെസ്റ്റിവലില്‍ മൃഗങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കാളപ്പോര് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാവിലെ കാളയോട്ടത്തിന് ഉപയോഗിക്കുന്ന അതേ കാളകളെ തന്നെയാണ് വൈകിട്ട് കാളപ്പോരിന് ഉപയോഗിക്കുന്നതെന്നും മൃഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപെടുകയാണെന്നും അവര്‍ ആരോപിച്ചു. ഫെസ്റ്റിവലിനെത്തുന്ന സഞ്ചാരികള്‍ മൃഗങ്ങളുടെ വേദന തിരിച്ചറിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ അറുപതിലധികം കാളകളാണ് കൊല്ലപ്പെടുന്നതെന്നും ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം, കാളയോട്ടവും കാളപ്പോരും പാംപലോണ സിറ്റിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആഘോഷങ്ങള്‍ ഇതേ രീതിയില്‍ തന്നെ തുടരണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം രംഗത്തെത്തി. വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സിറ്റി മേയര്‍ ജോസെബ അസിറോണ്‍ അറിയിച്ചു.
What's Your Reaction?