Internet Explorer | 27 വർഷത്തെ സേവനത്തിന് നന്ദി; ഇന്റർനെറ്റ് എക്സ്പ്ലോറർ വിട പറയുന്നു

ഇങ്ങനൊയെക്കെയാണെങ്കിലും നമ്മുടെയൊക്കെ ഇൻറർനെറ്റുമായി ബന്ധപ്പെട്ട ആദ്യ ഓർമ്മയിൽ ഇൻറർനെറ്റ് എക്സ്പ്ലോററിന് ഉറപ്പായും സ്ഥാനമുണ്ടാവും. ഒരു കാലത്ത് ആകെ ഉണ്ടായിരുന്ന സെർച്ച് എഞ്ചിൻ എക്സ്പ്ലോറർ മാത്രമായിരുന്നു.

Jun 15, 2022 - 02:04
 0

ഇൻറർനെറ്റ് എക്സ്പ്ലോറർ (Internet Explorer) ഒടുവിൽ വിരമിക്കുകയാണ്. 27 വർഷത്തെ സേവനത്തിന് ശേഷമാണ് ജൂൺ 15ഓടെ എക്സ്പ്ലോറർ രംഗം വിടുന്നത്. ട്വിറ്റർ (Twitter) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെടുന്നത്. മീമുകളും ട്രോളുകളുമൊക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി ആരും തന്നെ ഇൻറർനെറ്റ് എക്സ്പ്ലോറർ ഉപയോഗിക്കുന്നില്ല. വേഗതക്കുറവ് തന്നെയാണ് ഈ സെർച്ച് എഞ്ചിൻെറ (Search Engine) ഏറ്റവും പ്രധാനപ്പെട്ട പോരായ്മ.

ഇങ്ങനൊയെക്കെയാണെങ്കിലും നമ്മുടെയൊക്കെ ഇൻറർനെറ്റുമായി ബന്ധപ്പെട്ട ആദ്യ ഓർമ്മയിൽ ഇൻറർനെറ്റ് എക്സ്പ്ലോററിന് ഉറപ്പായും സ്ഥാനമുണ്ടാവും. ഒരു കാലത്ത് ആകെ ഉണ്ടായിരുന്ന സെർച്ച് എഞ്ചിൻ എക്സ്പ്ലോറർ മാത്രമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കാലത്തിനനുസരിച്ച് മാറിയല്ലേ പറ്റൂ. നാളെ മുതൽ ഇൻറർനെറ്റ് എക്സ്പ്ലോറർ അഥവാ ഐഇ (IE) നിങ്ങൾക്ക് കിട്ടില്ല. അതിനാൽ തന്നെ ട്വിറ്റർ ലോകത്ത് പലരും അൽപ്പം നൊസ്റ്റാൾജിക്കാണ്.

എക്സ്പ്ലോററിൻെറ പിൻഗാമിയായാണ് മൈക്രോസോഫ്റ്റ് എഡ്ജ് (Microsoft Edge) ബ്രൗസർ പുറത്തിറക്കിയിട്ടുള്ളത്. എഡ്ജ് വഴി ഇപ്പോഴും പഴയ എക്സ്പ്ലോററിലെ പല ഓപ്ഷനുകളും ലഭിക്കും.

27 വർഷം മുമ്പ് 1995 ആഗസ്തിലാണ് ഇൻറർനെറ്റ് എക്സ്പ്ലോറർ പുറത്തിറങ്ങുന്നത്. ഇൻറർനെറ്റ് വിപ്ലവത്തിനൊപ്പം ലോകം സഞ്ചരിച്ച് തുടങ്ങിയത് ഈ സെർച്ച് എഞ്ചിൻെറ കൂടി സഹായത്താലായിരുന്നു. 1996 ആയപ്പോഴേക്ക് എക്സ്പ്ലോറർ പ്രശസ്തമായി തുടങ്ങി. ജെപിഇജി ഫയലുകളും ജിഫ് ഫയലുകളും ഇതിൽ ലഭ്യമായിരുന്നു. കാലത്തെ അതിജീവിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് മൈക്രോസോഫ്സ്റ്റ് നവീകരിച്ച പുതിയ എഡ്ജ് പുറത്തിറക്കിയത്. ഗൂഗിളിൻെറ വെബ് ബ്രൗസറായ ക്രോമിന് സമാനമായ രീതിയിലാണ് എഡ്ജിൻെറ പ്രവർത്തനരീതി.

“എക്സ്പ്ലോററിനേക്കാളും വേഗതയുള്ളതും സുരക്ഷിതമായതും ആധുനിക സംവിധാനങ്ങളുമുള്ള വെബ് ബ്രൗസറാണ് എഡ്ജ്. എക്സ്പ്ലോറിൻെറ പഴയ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന മികച്ച ആപ്ലിക്കേഷനുകളും ഇതിൽ ലഭ്യമാണ്. മൈക്രോസോഫ്റ്റ് എഡ്ജ് വഴി നിങ്ങൾക്ക് ഇന്റ ർനെറ്റ് എക്സ്പ്ലോറർ മോഡും ലഭിക്കും. ഇതിലൂടെ ഇൻറർനെറ്റ് എക്സ്പ്ലോറർ വഴി ലഭിക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭിക്കുകയും ചെയ്യും,” മൈക്രോസോഫ്റ്റ് എഡ്ജ് പാർട്ണർ ഗ്രൂപ്പ് പ്രോഗ്രാം മാനേജറായ സീൻ ലിൻഡർസേ പറഞ്ഞു.

ട്വിറ്ററിൽ വളരെ രസകരമായ മീമുകളാണ് പ്രചരിക്കുന്നത്. എക്സ്പ്ലോററിനോട് വിടപറയുന്ന ഫയർഫോക്സ്, എഡ്ജ്, ഗൂഗിൾ ക്രോം എന്നിവയുടെ ചിത്രങ്ങളുമായി ഒരു മീം പ്രചരിക്കുന്നുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് എക്സ്പ്ലോററിന് നന്ദി പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. രസകരമായ ഒരു കാര്യം മറ്റ് വെബ് ബ്രൗസറുകൾ ഡൌൺലോഡ് ചെയ്യാൻ ആളുകളെ സഹായിച്ചതും എക്സ്പ്ലോറർ തന്നെയാണ്. എന്നാൽ പിന്നീട് ആരും ആ വഴി പോവാറില്ലെന്ന് മാത്രം. ഇതേക്കുറിച്ചും മീമുകളുമുണ്ട്. 90കളിലാണ് എക്സ്പ്ലോറർ തരംഗമായിരുന്നത്. ആ സമയത്ത് ഇന്റർനെറ്റ് ഉപയോഗിച്ചവരുടെയെല്ലാം സെർച്ച് എഞ്ചിൻ ഇത് തന്നെയായിരുന്നു. അതുകൊണ്ട് എക്സ്പ്ലോറർ വിട പറയുമ്പോൾ ഏറ്റവും സങ്കടം 90കളിൽ കൗമാര പ്രായത്തിലുള്ളവർക്കാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow