ആവേശ് ഖാന് നാല് വിക്കറ്റ്; നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 16.5 ഓവറില്‍ 87 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. പരിക്കേറ്റ ടെംബ ബാവുമ ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും ക്രീസിലെത്താതിരുന്നപ്പോള്‍ 9ാം വിക്കറ്റ് വീണതോടെ ഇന്ത്യ വിജയം ഉറപ്പാക്കി.

നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആവേശ് ഖാന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. രണ്ടാം ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി (2-2). പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.

20 റണ്‍സ് നേടിയ വാന്‍ഡര്‍ ദസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ദസനെ കൂടാതെ ഡി കോക്ക് (14), മാര്‍ക്കോ ജാന്‍സണ്‍ (12) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 27 പന്തില്‍ 55 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സ് നേടി.

26 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 23 പന്തില്‍ 17 റണ്‍സ് നേടിയ റിഷഭ് പന്ത് എന്നിവരാണ് മറ്റു റണ്‍ സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി പ്രിട്രോറിയസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി.