Food Poison| കുസാറ്റില്‍ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; ക്യാമ്പസ് അടച്ചു

ഭക്ഷ്യവിഷബാധയെ (food poison) തുടര്‍ന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് (cusat campus) അടച്ചു. പനിയും ഛര്‍ദിയും ബാധിച്ച് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി.

May 24, 2022 - 16:26
 0

ഭക്ഷ്യവിഷബാധയെ (food poison) തുടര്‍ന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് (cusat campus) അടച്ചു. പനിയും ഛര്‍ദിയും ബാധിച്ച് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. സര്‍വകലാശാല പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെ കഴിയുകയായിരുന്നു.

ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോര്‍ട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, വീടുകളില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്.

ക്യാമ്പസില്‍ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്നിടത്തായി മെഡിക്കല്‍ ക്യാമ്പും നടത്തി. ഈ മാസം 31വരെയാണ് ക്യാമ്പസ് അടച്ചിടുക. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow