വന്ദേ ഭാരത് വരുമ്പോൾ കെ റെയിൽ എന്തിന്? ശ്രീധർ രാധാകൃഷ്ണന്‍റെ കുറിപ്പ് ചർച്ചയാകുന്നു
മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുമ്പോൾ ലക്ഷം കോടി ചെലവിട്ട് കെ റെയിൽ നടപ്പാക്കുന്നതിൽ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു
വന്ദേ ഭാരത് ട്രെയിൻ കിട്ടുമ്പോൾ കെ റെയിൽ എന്തിന് എന്ന ചോദ്യവുമായി പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ. റെയിൽവേയുടെ ട്രാക്കിൽ ഓടിക്കാവുന്ന അർദ്ധ അതിവേഗ ട്രെയിനായ വന്ദേ ഭാരത് കേരളത്തിനും ലഭിക്കുന്ന സാഹചര്യത്തിലാണ് കെ റെയിൽ എന്തിന് എന്ന ചോദ്യം ശ്രീധർ രാധാകൃഷ്ണൻ ഉന്നയിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ കേന്ദ്രം അനുവദിച്ചതിൽ രണ്ടെണ്ണം കേരളത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കുമ്പോൾ ലക്ഷം കോടി ചെലവിട്ട് കെ റെയിൽ നടപ്പാക്കുന്നതിൽ എന്താണ് നേട്ടമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 200 കിലോ മീറ്റർ വേഗതയിൽ കേരളത്തിൽ മാത്രം ഓടുന്ന ട്രെയിൻ വേണോ അതോ 180 കിലോമീറ്റർ വേഗതയിൽ എവിടെയും ഓടുന്ന ട്രെയിൻ വേണോയെന്നും അദ്ദേഹം ചോദിക്കുന്നു.
പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തി സിൽവർലൈൻ സംവാദം (Silverline Debate). വളവുകള്‍ നിവര്‍ത്തിയുള്ള സമാന്തര റെയില്‍വേ ലൈന്‍ എന്ന ബദല്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് കോളജ് ഓഫ് എഞ്ചിനീയറിങ് റിട്ടയേർഡ് പ്രിൻസിപ്പലും ശാസ്ത്രി സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ആര്‍ വി ജി മേനോന്‍ (RVG Menon) സംവാദത്തില്‍ അവതരിപ്പിച്ചു. കേരളത്തില്‍ അടിയന്തരമായി വേണ്ടത് നിലവിലെ റെയില്‍വേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് വേണമെന്നും ആര്‍ വി ജി മേനോന്‍ ആവശ്യപ്പെട്ടു. പാനലില്‍ പദ്ധതിയെ എതിര്‍ക്കുന്ന ഏക അംഗം ആർ വി ജി മേനോന്‍ മാത്രമായിരുന്നു
സ്റ്റാൻഡേഡ് ഗേജിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ആർ വി ജി മോനോൻ എതിർത്തു. നിലവിലെ റെയിൽപാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത നിർമിച്ചാൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നും സിൽവർലൈൻ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ദേശീയപാതാ വികസനം നടക്കാത്തതു കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിവില്ലാത്തതിനാലാണ്. റെയിൽവേ വികസനത്തിനു തടസം നാട്ടുകാരുടെ എതിർപ്പല്ല. റെയിൽവേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയിൽപാത ഇരട്ടിപ്പിക്കൽ 30 വർഷമായി തടസപ്പെട്ടു കിടക്കുന്നു. ഇപ്പോഴാണ് പണികൾ ആരംഭിക്കാൻ കഴിഞ്ഞത്. റെയിൽപാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ 3 മണിക്കൂറിൽ എറണാകുളത്ത് എത്താനാകും. സിൽവർലൈന്റെ പ്രധാന പ്രശ്നം സ്റ്റാൻഡേഡ് ഗേജ് ആണെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.
'ബ്രോഡ് ഗേജിൽ റെയിൽവേ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കുന്നുണ്ട്. അതിന്റെ ഘടകങ്ങൾ ഇന്ത്യയിലാണ് നിർമിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജാണെങ്കിൽ പുറത്തുനിന്ന് ഘടകങ്ങൾ വരണം. സ്റ്റാൻഡേർഡ് ഗേജ് മതിയെന്നു കെ റെയിൽ കോർപറേഷൻ തീരുമാനിച്ചത് എന്തു പ്രക്രിയയിലൂടെയാണെന്ന് ജനം അറിയണം. പദ്ധതിയെ എതിർക്കുന്നവർ പിന്തിരിപ്പൻമാരാണെന്ന ചിന്ത ശരിയല്ല.''
''കൊല്ലത്ത് മുഖത്തലയിൽ വെള്ളക്കെട്ടുള്ള സ്ഥലത്താണ് സ്റ്റേഷൻ വരുന്നത്. അവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. കൊച്ചിയിലെ വിമാനത്താവളത്തിനടുത്തും തോട് ഉണ്ടായിരുന്നു. അത് മൂടിയതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൊച്ചി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്. 622 വളവുകൾ നിലവിലെ പാതയിലുണ്ട്. അതിലൂടെ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയില്ല. കേരളത്തിൽ പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കാൻ എന്തു ചെയ്യണമെന്ന് കെ- റെയിൽ പരിശോധിക്കണം. പുതിയ ലൈനുകളും സിഗ്നൽ സംവിധാനവും വരണം. അങ്ങനെ വന്നാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും''- ആർ വി ജി മേനോൻ പറഞ്ഞു.
നിലവിലെ പാതയോടു ചേർന്ന് മൂന്നാമത്തെയും നാലാമത്തെയും പാത വരുമ്പോൾ കൂടുതൽ വേഗമുള്ള ട്രെയിൻ ഓടിക്കാം. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്കു വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. ഈ ചർച്ച 3- 4 വർഷം മുൻപ് നടത്തേണ്ടതായിരുന്നെന്നും ആർ വി ജി മേനോൻ പറഞ്ഞു. എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇനി ചർച്ചയാകാം എന്നു പറയുന്നത് ശരിയല്ല. ചർച്ചയിലൂടെ ഏതുതരത്തിലുള്ള പദ്ധതി വേണമെന്ന് നിശ്ചയിച്ചിട്ട് മുന്നോട്ടു പോകണമായിരുന്നു. ജപ്പാൻ കടം തരുന്നത് നമ്മുടെ വികസനത്തിനല്ല. അവരുടെ സാങ്കേതിക വിദ്യ കൊണ്ടുവരാനാണ്. കേരള വികസനത്തിൽ റെയിൽവേയ്ക്കു വലിയ പങ്കുണ്ടെന്നും ആർ വി ജി മേനോൻ പറഞ്ഞു.
What's Your Reaction?