വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക്; കരമാർഗവും കടൽമാർഗവും സമരക്കാർ ഉപരോധിക്കും

കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് തീരുമാനം.

Oct 28, 2022 - 00:07
Oct 28, 2022 - 00:09
 0
വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക്; കരമാർഗവും കടൽമാർഗവും സമരക്കാർ ഉപരോധിക്കും

നൂറാം ദിവസത്തിലേക്ക് കടന്ന് വിഴിഞ്ഞം തുറമുഖ സമരം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവെൻഷനും നടക്കും.

കടൽമാർഗവും കരമാർഗവും തുറമുഖം ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. സമരസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 17 തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് 8 കേന്ദ്രങ്ങളിൽ വള്ളങ്ങളുമായി എത്തി സമരക്കാർ ദേശീയപാത ഉപരോധിച്ചിരുന്നു. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെ ആരംഭിച്ച ഉപരോധം വൈകിട്ട് മൂന്ന് മണിവരെ നീണ്ടു.



കഴിഞ്ഞ ജുലൈ 20 നാണ് മത്സ്യത്തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയിരുന്ന സമരം ഫലം കാണാതായതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് സമരവേദി മാറ്റി. തങ്ങൾ മുന്നോട്ടുവെച്ച ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് സമരസമിതി. ഇന്നത്തെ ഉപരോധ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow