ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരണത്തിലേക്ക് ബിജെപി; മുഖ്യമന്ത്രി ധാമി പിന്നിൽത്തന്നെ
ഡെറാഡൂൺ∙ എക്സിറ്റ് പോൾ ഫലങ്ങൾ അൽപം ആശങ്കയ്ക്കു വക നൽകിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതൽ നേടിയ മുൻതൂക്കത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണത്തിലേക്ക്.
ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ മറികടന്നു. 70 അംഗ നിയമസഭയിൽ നിലവിൽ 47 സീറ്റുകളിൽ ബിജെപിയാണു ലീഡ് ചെയ്യുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ലീഡ് ചെയ്യുന്നതു കേവലം 19 സീറ്റുകളിൽ മാത്രം. മറ്റുള്ളവർ 4 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണെന്നിരിക്കെ, സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ബിജെപി തുടങ്ങിക്കഴിഞ്ഞതായായി മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചു.
എന്നാൽ നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കും കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ഇതു തിരിച്ചടികളുടെ തിരഞ്ഞെടുപ്പായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സിറ്റിങ് സീറ്റായ ഖാത്തിമയിൽ ധാമിയും. ലാൽഖുവ മണ്ഡലത്തിൽ ഹരീഷ് റാവത്തും ഏറെ പിന്നിലാണ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ഖാത്തിമയിൽ 5000ൽ അധികം വോട്ടുകൾക്കു പിന്നിട്ടുനിൽക്കുന്ന ധാമി തോൽവിലേക്കു നീങ്ങുകയാണ്. ലാൽഖുവയിൽ ബിജെപി സ്ഥാനാർഥിയെക്കാൾ 16,000ൽ അധികം വോട്ടിനു പിന്നിലുള്ള ഹരീഷ് റാവത്ത് തോൽവി ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം, പുഷ്കർ സിങ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന സംസ്ഥാനത്തിന്റെ ചുമതയലുള്ള ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന്റെ പ്രഖ്യാപനം ബിജെയിൽ പുതിയ ചർച്ചകൾക്കു വഴിമരുന്നിട്ടിരിക്കുകയാണ്. ഖാത്തിമയിൽ ജയിക്കാനായില്ലെങ്കിലും ധാമി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്യുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ ഇഞ്ചോടിഞ്ചു പോരാട്ടം പ്രവചിച്ച സംസ്ഥാനത്താണു ബിജെപിയുടെ തിളക്കമാർന്ന മുന്നേറ്റം. അതേ സമയം ഭരണപ്രതീക്ഷയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയ കോൺഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായി വോട്ടെണ്ണൽ.
59. 51 ശതമാനമായിരുന്നു തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം. മോദി തരംഗം ആഞ്ഞടിച്ച 2017ലെ തിരഞ്ഞെടുപ്പിൽ, 57 സീറ്റുകൾ നേടിയാണ് സംസ്ഥാനത്തു ബിജെപി അധികാരത്തിലേറിയത്. അന്നു കോൺഗ്രസ് വെറും 11 സീറ്റിലൊതുങ്ങി.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പുകളിൽ വിധി നിർണയിച്ച ചരിത്രമുള്ള ഉത്തരാഖണ്ഡിൽ, 2000ലെ സംസ്ഥാന രൂപികരണത്തിനു ശേഷം ഇതുവരെ ഒരു മുന്നണിക്കും തുടർഭരണം ലഭിച്ചിട്ടില്ല. തുടർഭരണത്തിന് കളമൊരുങ്ങുന്നതോടെ, ദേശീയതലത്തിൽതന്നെ ഇതു ചർച്ചാ വിഷയമാക്കാൻ ബിജെപിക്കു സാധിക്കും.
English Summary: BJP crosses halfway mark, Harish Rawat trails
What's Your Reaction?