ഇത്തവണയും പരാജയപ്പെട്ടാല്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രംപ്

Sep 24, 2024 - 08:37
 0
ഇത്തവണയും പരാജയപ്പെട്ടാല്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കാനില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുടര്‍ച്ചയായ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ട്രംപ്, ഇനിയൊരങ്കത്തിനില്ലെന്ന് സിന്‍ക്ലയര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് പരാജയപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെതിരെ ശക്തമായ മത്സരമാണ് ട്രംപ് ഇക്കുറി നേരിടുന്നത്. ഇരുവരും തമ്മില്‍ ഒന്നിച്ച് നടന്ന ആദ്യഘട്ട സര്‍വ്വേയിലും കമലാ ഹാരിസിനാണ് മുന്‍തൂക്കം ലഭിച്ചതെന്നാണ് സര്‍വ്വേകള്‍ പറയുന്നത്.  അതേസമയം, രണ്ടാം സംവാദത്തിനുള്ള ക്ഷണം ഡോണള്‍ഡ് ട്രംപ് നിരസിച്ചു. പരാജയ ഭീതിമൂലമാണ് ട്രംപ് സംവാദത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസുമായി രണ്ടാമതും സംവാദം നടത്താന്‍ സിഎന്‍എന്‍ ആണ് ഡോണാള്‍ഡ് ട്രംപിനെ ക്ഷണിച്ചത്. എന്നാല്‍, കമല ക്ഷണം സ്വീകരിച്ചപ്പോള്‍ ട്രംപ് നിരസിക്കുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലഹാരിസിന്റെ വിജയ സാധ്യത വര്‍ധിച്ചുവെന്ന് വിവിധ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു .ഡോണാള്‍ഡ് ട്രംപുമായുള്ള സംവാദങ്ങള്‍ കമല ഹാരിസിന് ഗുണം ചെയ്തുവെന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍. നിലവിലെ വിവിധ സര്‍വേകള്‍ പ്രകാരം ഡോണള്‍ഡ് ട്രംപ് വിജയിക്കാനുള്ള സാധ്യത 39 ശതമാനം മാത്രമാണെങ്കില്‍ കമല ഹാരിസിന്റെ സാധ്യത 61 ശതമാനത്തിലേക്ക് ഉയര്‍ന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ട്രംപിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീട് പോരാട്ടം ഇഞ്ചോടിഞ്ചായി . തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന 538 മോഡലുകളില്‍ മുന്‍തൂക്കം ഇപ്പോള്‍ കമല ഹാരിസിനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow