വിവാഹം കഴിക്കാൻ ഇറ്റലിയിലേക്ക് പോകുന്നോ? 1.67 ലക്ഷം രൂപ പാരിതോഷികം നേടാം

രാജ്യത്തിന്റെ തലസ്ഥാനമായ റോം ഉൾപ്പെടുന്ന ലാസിയോയുടെ അധികാരികളാണ് ആകർഷകമായ ഈ വാഗ്ദാനം നൽകുന്നത്.

Mar 10, 2022 - 01:05
 0

നിങ്ങൾ ഉടൻ വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ വിവാഹം നടത്താൻ ഇറ്റലിയിലെ (Italy) ലാസിയോ പ്രദേശം (Lazio Region) തിരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ 1.67 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. അതെ, വിവാഹത്തിനായി ഈ പ്രദേശം തിരഞ്ഞെടുക്കുന്ന ദമ്പതികൾക്ക് അവരുടെ വിവാഹത്തിന് ചെലവഴിക്കാനായി 2000 യൂറോയാണ് (Euro) പാരിതോഷികമായി ലഭിക്കുക. രാജ്യത്തിന്റെ തലസ്ഥാനമായ റോം (Rome) ഉൾപ്പെടുന്ന ലാസിയോയുടെ അധികാരികളാണ് ആകർഷകമായ ഈ വാഗ്ദാനം നൽകുന്നത്. ലാസിയോയിൽ ആണ് പ്രശസ്തമായ ട്രെവി ജലധാരയും (Trevi fountain) സ്ഥിതി ചെയ്യുന്നത്.


ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ സംരംഭം 'നെൽ ലാസിയോ കോൺ അമോർ' (Nel Lazio con Amore) അല്ലെങ്കിൽ 'ലാസിയോ വിത്ത് ലവ് ' (Lazio with Love) എന്നാണ് അറിയപ്പെടുന്നത്. 2022 ജനുവരി 1നും ഡിസംബർ 31 നും ഇടയിൽ ഈ പ്രദേശത്ത് വിവാഹിതരാകുന്നവർക്കും നിയമപരമായ ബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഈ പാരിതോഷികം ലഭിക്കും. ഇറ്റലിക്കാർക്ക് മാത്രമല്ല വിദേശികൾക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ സംരംഭത്തിന്റെ ഭാ​ഗമാകാം. കൊറോണ വൈറസ് മൂലം തകർച്ച നേരിടുന്ന ഈ മേഖലയിലെ വിവാഹ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ലാസിയോ അധികൃതർ ഈ ആശയവുമായി എത്തിയിരിക്കുന്നത്. ഇത് മാത്രമല്ല, 10 ദശലക്ഷം യൂറോ അതായത് 83 കോടി രൂപയിലധികം ഈ പ്രദേശത്തിനായി നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണവിതരണക്കാർ, ഫ്ലോറിസ്റ്റുകൾ, വെഡ്ഡിംഗ് പ്ലാനർമാർ, ഇവന്റ് കമ്പനികൾ എന്നിവരിൽ നിന്ന് സേവനങ്ങളോ ഉൽപ്പന്നങ്ങളോ പ്രയോജനപ്പെടുത്തുമ്പോൾ ദമ്പതികൾക്ക് ഈ പാരിതോഷിക തുക വിനിയോഗിക്കാൻ കഴിയും.

ദീപിക പദുക്കോൺ, രൺവീർ സിംഗ്, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, കിം കർദാഷിയാൻ, കാനി വെസ്റ്റ് തുടങ്ങി നിരവധി പ്രശസ്തരുടെ വിവാഹങ്ങളുടെ വേദിയായിരുന്നു ഇറ്റലി. ഏറെ ആകർഷകവും ജനപ്രിയവുമായിരുന്ന രാജ്യത്തെ ഇവന്റ് വ്യവസായം മഹാമാരിയ്ക്ക് ശേഷം തകർച്ച നേരിടുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow