സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി

Nov 1, 2024 - 17:14
 0

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി ടൂറിസം വകുപ്പ്. ഗസ്റ്റ് ഹൗസുകളോട് അനുബന്ധിച്ചുള്ള കോണ്‍ഫറന്‍സ് ഹാളുകളുടെ വാടകയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്നുമുതല്‍ വര്‍ധന നിലവില്‍ വന്നു.

പൊന്‍മുടി, വര്‍ക്കല, ആലപ്പുഴ, കോട്ടയം, ഇടുക്കി, പീരുമേട്, ആലുവ, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, സുല്‍ത്താന്‍ബത്തേരി തുടങ്ങിയ ഗസ്റ്റ് ഹൗസുകളില്‍ മുറിവാടക ഇരട്ടിയോ അതില്‍ കൂടുതലോ ആണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ എ.സി. സിംഗിള്‍ റൂം നിരക്ക് 700-ല്‍നിന്ന് 1200 ആയും ഡബിള്‍ റൂം 1000-ല്‍നിന്ന് 1800 ആയും സ്യൂട്ട് 2000-ല്‍നിന്ന് 3300 ആയും കൂട്ടി.

സംസ്ഥാനത്ത് രണ്ട് ഗവ. ഗസ്റ്റ് ഹൗസുകളാണ് കടല്‍ത്തീരത്തുള്ളത്. കോവളവും കണ്ണൂരും. കോവളത്ത് എ.സി. ഡബിള്‍ റൂം 1000-ല്‍നിന്ന് 1800 ആയും സ്യൂട്ട് 2000-ല്‍നിന്ന് 3300 ആയും കൂട്ടി. കണ്ണൂരില്‍ എ.സി. ഡബിള്‍ റൂമിന് 800-ന് പകരം 1800 രൂപ നല്‍കണം. ഡീലക്‌സിന് 2500-ഉം സ്യൂട്ടിന് 3300-ഉം ആണ് വാടക.

ഹാളുകള്‍ പകുതിദിവസത്തേക്കും ഒരുദിവസത്തേക്കും വാടകയ്ക്ക് ലഭിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെ ഹാളിന് പകുതി ദിവസത്തേക്ക് 1000 രൂപയായിരുന്നത് 3000 രൂപയും ഒരു ദിവസത്തേക്ക് 1500 രൂപായിരുന്നത് 5000 രൂപയുമാക്കി. മുംബൈ, കന്യാകുമാരി കേരള ഹൗസുകളിലെ മുറിവാടകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow