'കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കും'; നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കഴിഞ്ഞ 25 വർഷം പെട്രോൾ പമ്പുകൾക്ക് നൽകിയ എൻഒസികൾ പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. കണ്ണൂരിൽ മരിച്ച നിലയിൽ കാണപ്പെട്ട എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. നവീന്റെ പത്തനംതിട്ട മലയാലപ്പുഴ പാടത്തെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പ്രസ്താവിച്ചു.നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് വീട്ടിൽ എത്തിയതെന്നും തന്റെ സന്ദർശനം ആശ്വാസമായി എന്ന് അവർ കുടുംബം പറഞ്ഞതായും സുരേഷ് ഗോപി അറിയിച്ചു.
അതേസമയം എഡിഎം നവീൻ ബാബു തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകൻ ഗംഗാധരൻ. നവീൻ ബാബു ഗംഗാധരനിൽ നിന്ന് കൈക്കൂലി വാങ്ങി എന്നായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യയുടെ ആരോപണം. ഇത് സംബന്ധിച്ച് ഗംഗാധരൻ പരാതി നൽകിയിട്ടുണ്ടെന്നും ദിവ്യ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണം തള്ളിയിരിക്കുകയാണ് ഗംഗാധരൻ.
സ്ഥലത്തെ മണ്ണ് നീക്കുന്നതിനെതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ടാണ് താൻ എഡിഎമ്മിന് കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലിൽ തനിക്ക് അതൃപ്തി തോന്നിയപ്പോൾ ആ വിവരം അറിയിച്ചിരുന്നു എന്നും ഗംഗാധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുർവിനിയോഗം നടത്തിയെന്ന് താൻ പറഞ്ഞു എന്നും ഗംഗാധരൻ വ്യക്തമാക്കി. എന്നാൽ കൈക്കൂലി ചോദിച്ചു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഗംഗാധരൻ കൂട്ടിച്ചേർത്തു.
What's Your Reaction?