സിദ്ദിഖിന് ഇടക്കാല ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Oct 1, 2024 - 08:04
 0
സിദ്ദിഖിന് ഇടക്കാല ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചത്.

യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നെകിലും ഹൈക്കോടതി തള്ളിയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സിദ്ദിഖിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതേസമയം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിദ്ദിഖിൻ്റെ വാദം. അതേസമയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് വീണ്ടും പരിഗണിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow