കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ 530 കോടി രൂപ കേരളത്തിന് നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൃത്യസമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചര്‍ച്ചയ്ക്കിടെ അമിത്ഷാ മറുപടി പറയുകയായിരുന്നു.
പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കിയെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി. തുടര്‍സഹായം മാനദണ്ഡങ്ങള്‍ അനുസരിച്ച് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സര്‍ക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത്ഷാ വ്യക്തമാക്കി
What's Your Reaction?






