വമ്പൻ സ്കോർ മറികടന്ന് ദക്ഷിണാഫ്രിക്കക്ക് വിജയം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചിട്ടും ആദ്യ ടി20യിൽ ഇന്ത്യക്ക് പരാജയം. ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. 212 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചിട്ടും ആദ്യ ടി20യിൽ ഇന്ത്യക്ക് പരാജയം. ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. 212 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വാൻഡർ ഡസൻ (46 പന്തിൽ 75 റൺസ്*), ഡേവിഡ് മില്ലർ (31 പന്തിൽ 64 റൺസ്*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ വിജയം സമ്മാനിച്ചത്.
വലിയ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം മുതൽ തന്നെ തകർത്തടിച്ചു. ഓപ്പണർമാരായ ക്വിന്റൺ ഡികോക് (18 പന്തിൽ 3 ഫോർ അടക്കം 22 റൺസ്), ക്യാപ്റ്റൻ ടെംപാ ബാവുമ (8 പന്തിൽ 2 ഫോറടക്കം 10 റൺസ്) എന്നിവർ നേരത്തെ പുറത്തായി. മൂന്നാനായി ഇറങ്ങിയ ഡ്വൈൻ പ്രെട്ടോറിയസ് (13 പന്തിൽ 4 സിക്സും ഒരു ഫോറും അടക്കം 29) തകർത്തടിച്ചു. ഹാർദിക് പാണ്ഡ്യയുടെ ഒരോവറിൽ 3 സിക്സുകൾ പറത്തുകയും ചെയ്തു.
പിന്നാലെ വന്നെ വാൻഡർ ഡസൻ അഞ്ച് സിക്സും ഏഴ് ഫോറും അടക്കം 46 പന്തിൽ 75 റൺസടിച്ച് പുറത്താകാതെ നിന്നു. മറുവശത്ത് അഞ്ച് സിക്സും നാലുഫോറുമായി 31 പന്തിൽ 64 റൺസെടുത്ത് ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കൻ വിജയം എളുപ്പമാക്കി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 211 റൺസെടുത്തത്. 48 പന്തിൽ 76 റണ്‍സെടുത്ത ഇഷാൻ കിഷന്റെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (15 പന്തിൽ 3 സിക്സുകൾ സഹിതം 23), ശ്രേയസ് അയ്യർ (27 പന്തിൽ ഒരു ഫോറും 3 സിക്സും സഹിതം 36), ഋഷഭ് പന്ത് (16 പന്തിൽ 2 വീതം സിക്സും ഫോറും സഹിതം 29), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 2 ഫോറും 3 സിക്സും സഹിതം പുറത്താകാതെ 31) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാർത്തിക് രണ്ടു പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കായി അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ട്വന്റി20 കളിക്കാനിറങ്ങിയ വെയ്ൻ പാർണൽ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഡ്വെയിൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, ആൻറിച് നോർട്യ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.
രാജ്യാന്തര ട്വന്റി20യിൽ രണ്ടു പുറത്താകലുകൾക്കിടയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിൽ ഇന്ത്യയുടെ ശ്രേയസ് അയ്യർ ഓസീസ് താരം ആരോൺ ഫിഞ്ചിനൊപ്പമെത്തി. ഇരുവരും രണ്ട് പുറത്താകലുകൾക്കിടയിൽ അടിച്ചുകൂട്ടിയത് 240 റൺസാണ്. ഫിഞ്ച് രണ്ടു മത്സരങ്ങളിൽനിന്നും 240 റണ്‍സ് നേടിയപ്പോൾ, ഇന്നത്തെ മത്സരം ഉൾപ്പെടെ നാല് ഇന്നിങ്സുകളിൽനിന്നാണ് അയ്യർ 240 റൺസെടുത്തത്.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെ എൽ രാഹുലിനു പരുക്കേറ്റതിനെ തുടർന്ന് ഋഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് എയ്ഡൻ മർക്രം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൺ സ്റ്റബ്സ് ഇന്ന് അരങ്ങേറ്റം കുറിച്ചു.
2018ൽ ജൊഹാനാസ്ബർഗിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 203 റൺസിന്റെ റെക്കോർഡാണ് ഡൽഹിയിൽ ഇന്ത്യ ഇന്ന് തകർത്തത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണുള്ളത്.
What's Your Reaction?