ഐഫോണിലെ ഡേറ്റ ചോർത്തി ഗൂഗിൾ കുടുങ്ങി; 29324.3 കോടി പിഴയടക്കണമെന്ന് വാദം
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ 44 ലക്ഷം ഐഫോണ്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കേസില്‍ ബ്രിട്ടനില്‍ വിചാരണ നേരിടുന്നു. ആപ്പിളിന്റെ പ്രൈവസി സെറ്റിങ്‌സ് പൂര്‍ണ്ണമായും അവഗണിച്ചാണ്, നിരുത്തരവാദിത്വപരമായി ഗൂഗിള്‍ ഐഫോണിലേക്കും വലിഞ്ഞുകയറിയത്. (ഐഫോണില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ്
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ 44 ലക്ഷം ഐഫോണ്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ കേസില്‍ ബ്രിട്ടനില്‍ വിചാരണ നേരിടുന്നു. ആപ്പിളിന്റെ പ്രൈവസി സെറ്റിങ്‌സ് പൂര്‍ണമായും അവഗണിച്ചാണ് നിരുത്തരവാദിത്വപരമായി ഗൂഗിള്‍ ഐഫോണിലേക്കും വലിഞ്ഞുകയറിയത്. (ഐഫോണില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരുടെ കാര്യം ഒന്നു ചിന്തിക്കൂ.) കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത് ഓഗസ്റ്റ് 2011നും ഫെബ്രുവരി 2012നും ഇടയിലാണ്. വിച്? (Which?) കമ്പനിയുടെ മുന്‍ ഡയറക്ടറായ റിച്ചാഡ് ലോയ്ഡിന്റെ നേതൃത്വത്തില്‍ ഒരു സംഘം പേരാണ്, ഗൂഗിള്‍, 'നിങ്ങള്‍ക്ക് ഞങ്ങളോടൊരു കടമുണ്ട്' (Google, You Owe Us) എന്ന പേരില്‍ കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തുന്നത്.
ലോയ്ഡിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വക്കീല്‍ ഹ്യൂ ടോംലിന്‍സണ്‍ (Hugh Tomlinson) വെറും സ്വകാര്യതാ ഭഞ്ജനം മാത്രമല്ല ഗൂഗിളിനെതിരെ ആരോപിക്കുന്നത്. ആദ്യ ദിവസത്തെ വാദം കേള്‍ക്കലില്‍ ലോയ്ഡിന്റെ വക്കീല്‍ കോടതിയില്‍ പറഞ്ഞത് ഗൂഗിള്‍ ശേഖരിച്ച വിവരങ്ങളില്‍ വംശീയമായ വിവരങ്ങളോടൊപ്പം ഉപയോക്താവിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം, രാഷ്ട്രീയ ചായ്‌വുകള്‍, അഭിപ്രായങ്ങള്‍, ലൈംഗികത, ലൈംഗിക താത്പര്യങ്ങള്‍, അയാള്‍ക്കു സമൂഹത്തിലുള്ള വില, സാമ്പത്തിക നില, ഷോപ്പിങ് രീതികള്‍, എവിടെ താമസിക്കുന്നു (ലൊക്കേഷന്‍) തുടങ്ങിയവ അടക്കുമുള്ള കാര്യങ്ങള്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്. കൂടാതെ കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ഗുരുതരമായ ആരോപണം ഈ വിവരങ്ങള്‍ അനുസരിച്ച് ആളുകളെ പല തട്ടുകളിലായി തരം തിരിച്ചു എന്നതാണ്. പരസ്യം നല്‍കുന്നത് എളുപ്പമാക്കാനെന്ന വ്യാജേനയാണ് അതു ചെയ്തിരിക്കുന്നത്.
പല മാസങ്ങളായി ശേഖരിച്ച വിവരങ്ങള്‍ തരംതിരിച്ച് ആളുകളെ ഫുട്‌ബോള്‍ പ്രേമികള്‍, വാര്‍ത്താ പ്രേമികള്‍ ('current affairs enthusiasts) തുടങ്ങിയ ഗ്രൂപ്പുകളായി മാറ്റിയിരുന്നതായും വക്കീല്‍ പറഞ്ഞു. ഈ ഡേറ്റയെല്ലാം ഗൂഢമായ ട്രാക്കിങ്ങിലൂടെയാണ് ഖനനം ചെയ്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ആപ്പിളിന്റെ സഫാരി ബ്രൗസറിലെ സെക്യൂരിറ്റി സെറ്റിങ്‌സ് മാനിക്കാതെയാണ് ഗൂഗിള്‍ ഈ പരിപാടി ഒപ്പിച്ചത്. ഇതിനെ പിന്നീട് ടെക്‌നോളജി വിദഗ്ധര്‍ വിളിച്ച പേര് സഫാരി വര്‍ക്ക് എറൗണ്ട് (Safari Workaround) എന്നാണ്.
2012ല്‍ ഒരു പിഎച്ഡി ഗവേഷകനാണ് ഗൂഗിളിന്റെ തന്ത്രം വെളിച്ചത്തു കൊണ്ടുവന്നത്. ഈ വിവാദത്തില്‍ അമേരിക്കയിലുണ്ടായിരുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഗൂഗിള്‍ ഏകദേശം 40 ദശലക്ഷം ഡോളര്‍ ചിലവാക്കിക്കഴിഞ്ഞു. വാദം തുടങ്ങുന്നതിനു മുൻപ് ലോയ്ഡ് പറഞ്ഞത് ഗൂഗിള്‍ ചെയ്തത് നിയമപരമായ കാര്യമല്ലെന്നു താന്‍ കരുതുന്നു എന്നാണ്. അവരുടെ ചെയ്തികള്‍ ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. അതിനാല്‍ താന്‍ ജഡ്ജിയോടു അഭ്യര്‍ഥിക്കുന്നത് അവരുടെ ചെയ്തികള്‍ അവരെ ധരിപ്പിക്കണമെന്നാണ്. 4.29 ബില്ല്യൻ ഡോളർ (ഏകദേശം 29324.30 കോടി രൂപ) ഗൂഗിളിനെക്കൊണ്ടു പിഴയടപ്പിക്കാനാണ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്.
ലോയ്ഡ് കൊണ്ടുവന്ന തരം നിയമനടപടിയുമായി മുന്നോട്ടു പോകരുതെന്നാണ് ഗൂഗിള്‍ വാദിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിളിനു വേണ്ടി ഹാജരായ വക്കീല്‍ പറയുന്നത് സഫാരി വഴി നുഴഞ്ഞു കയറി എടുത്ത വിവരങ്ങളൊന്നും തേഡ് പാര്‍ട്ടി പരസ്യക്കാര്‍ക്കു വിറ്റിട്ടില്ല എന്നാണ്.
What's Your Reaction?