ഇനി ബിജെപി മുഷ്ടി ചുരുട്ടില്ല; കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം
കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി ‘പാർട്ടി ഓഫീസ്’ ഉണ്ടാകില്ല. പാർട്ടി കേഡർമാരും. ഓഫീസിനെ കാര്യാലയവും കേഡര്‍മാരെ പ്രവർത്തകനുമാക്കും, കുത്തക,സ്ക്വാഡ്, സാമ്രാജ്യത്ത്വം, മുതലാളിത്തം, നവ ലിബറൽ എന്നിങ്ങനെ കാലങ്ങളായി കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പിക്കാർ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടർമാരെ സ്വാധീനിക്കണമെങ്കിൽ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകള്‍ ഒഴിവാക്കണമെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് കേരളത്തിലെ നേതാക്കളോട് പറഞ്ഞു.
പ്രസംഗത്തിലും ഭാവത്തിലും കമ്മ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ദേശീയ നേതൃത്വം പറയുന്നു. പാർട്ടി അച്ചടക്കം, കുലംകുത്തി, ബദൽരേഖ, പ്രതിലോമശക്തികള്‍, എതിരാളികള്‍,പരിപ്രേക്ഷ്യം,ജാഗ്രത തുടങ്ങിയ വാക്കുകളാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
സമ്മേളനങ്ങളുടെയും കാമ്പെനുകളുടെയും പോസ്റ്ററുകളില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
പൊതുപരിപാടികളുടെ വേദികള്‍ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനവേദികളുമായി സാമ്യമുള്ള രീതിയിൽ അലങ്കരി ക്കരുതെന്നും പറഞ്ഞിട്ടുണ്ട്. കേരളത്തി ലെ വോട്ടർമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും എന്ന രീതിയിലാണ് ദേശീയ നേതൃത്വം തരംതിരിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകൾ പരമാവധി സ്വന്തം പെട്ടിയിലേക്ക് മാറ്റുകയാണ് തന്ത്രം.
കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങളും ശരീരഭാഷയും പ്രസംഗ ശൈലിയുമെല്ലാം ഇതിന് തടസ്സമാകുമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കമ്യൂണിസ്റ്റുകളോട് കടുത്ത മത്സരമുള്ളയിടങ്ങളിൽ അവരെ അനുകരിക്കാനുള്ള പ്രവണത ബി.ജെ.പി.ക്കാർ കാണിക്കുന്നതായും അവർ വിലയിരുത്തുന്നു.
What's Your Reaction?