ജോലിസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് വനിതാ സി ഐ മാറിനില്‍ക്കാന്‍ കാരണമെന്ന് തിരുവനന്തപുരം പോലീസ്. പനമരം പോലീസ് സ്‌റ്റേഷനിലെ കാണാതായ എസ് എച്ച് ഒ കെ എ എലിസബത്തിനെ (54) തിരുവനന്തപുരം ആനയറയിലെ സുഹൃത്തായ റിട്ട. വനിതാ എസ് ഐയുടെ ഫ്‌ളാറ്റില്‍ നിന്നാണ് കണ്ടെത്തിയത്.
.
.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 ഓടെ പനമരം സ്റ്റേഷനിലെത്തിയ എലിസബത്ത് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കോടതി ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന ജില്ലാ പോലീസ് മേധാവിയുടെ ക്രൈം കോണ്‍ഫറന്‍സില്‍ എലിസബത്ത് പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം ഗ്രേഡ് എസ് ഐ ഒ എ ലക്ഷ്മണനെ ഏല്‍പിച്ചാണ് പോയത്. ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാത്തതിന് ഉന്നത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി പറയുന്നു. തുടര്‍ന്ന്, ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നാണ് സഹപ്രവര്‍ത്തകരില്‍ നിന്നും മറ്റും കിട്ടുന്ന സൂചനകള്‍. തിങ്കളാഴ്ച രാത്രി സമയം വൈകിയിട്ടും എസ് എച്ച് ഒയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
.
മാനന്തവാടി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം കമ്പളക്കാട് സി ഐ എം എ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പാലക്കാട്ടേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് എലിസബത്ത് തിരുവനന്തപുരത്തുണ്ടെന്ന വിവരം ലഭിക്കുന്നത്. എലിസബത്തിനെ കാണാതായ വിവരമറിഞ്ഞ് സിങ്കപ്പൂരിലുള്ള മകള്‍ ബുധനാഴ്ച രാവിലെ നാട്ടിലെത്തിയിരുന്നു. എസ്എച്ച്ഒയെ കാണാതായ വിവരം പുറത്തായതിന് ഉന്നതോദ്യോഗസ്ഥര്‍ പനമരം സ്റ്റേഷനിലും മറ്റുമുള്ള പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ചതായും ആക്ഷേപമുണ്ട്.