കര്‍ഷക സമരത്തില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച സംഭവത്തില്‍ പ്രതിഷേധം; പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍
ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍. ഏഴിടങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
ശംബു, ഖനൗരി പ്രദേശങ്ങളില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഹരിയാന പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ട്രെയിന്‍ തടയല്‍ വൈകുന്നേരം നാല് വരെ തുടരും. കര്‍ഷക സമരത്തോടുള്ള ഹരിയാന സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് പ്രതിഷേധമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് ഡില്‍ഹിയിലേക്ക് സമരവുമായി എത്തിച്ചേരുന്നത്. വിളകള്‍ക്ക് താങ്ങുവില ലഭ്യമാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്.
What's Your Reaction?